തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും. കൊവിഡ് ബാധിച്ച് രോഗി മരിച്ചതിന് പിന്നാലെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച പോത്തൻകോടാണ് റാപ്പിഡ് കിറ്റ് ഉപയോഗിച്ചുളള ആദ്യ പരിശോധന. സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
പോത്തൻകോട് രോഗിയുമായി അടുത്ത് ഇടപഴകിയവരുടേതടക്കം കൂടുതൽ പേരുടെ ഫലം ഇന്ന് ലഭിക്കും. അതേ സമയം പോത്തന്‍കോട് കൊറോണ ബാധിച്ച് മരിച്ച അബ്ദുൽ അസിസിൽ എങ്ങനെ രോഗം പകർന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനായുളള ശ്രമം തുടരുകയാണ്.
ശശി തരൂര്‍ എംപിയാണ് എഫി ഫണ്ട് വിനിയോഗിച്ച് കഴിഞ്ഞ ദിവസം 1000 റാപ്പിഡ് റെസ്റ്റ് കിറ്റുകളെത്തിച്ചത്. ആകെ 3000 കിറ്റുകളാണ് എംപി തിരുവനന്തപുരം ജില്ലയിലെത്തിക്കുന്നത്. 2000 എണ്ണംകൂടി വരുന്ന ഞായറാഴ്ച എത്തും. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വഴി രണ്ടര മണിക്കൂറിനുള്ളിൽ കൊവിഡ് 19ന്റെ ഫലം ലഭിക്കും. നിലവില്‍ ഫലം അറിയാനായി ആറ്, ഏഴ് മണിക്കൂറുകള്‍ വേണം.
എംപി ഫണ്ടില്‍ നിന്നും 57 ലക്ഷം രൂപ ചെലവിട്ടാണ് 3000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ശശി തരൂര്‍ എത്തിക്കുന്നത്. കൂടാതെ ഒരു കോടി രൂപ ചെലവിട്ട് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പ്രാദേശികമായി നിര്‍മ്മിക്കുമെന്നും എംപി പറയുന്നു. കിറ്റുകളെത്തിച്ച എംപിയെ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പേരെടുത്ത് അഭിനന്ദിച്ചിരുന്നു.