പോത്തന്‍കോട് : ചേങ്കോട്ടുകോണം ശാസ്തവട്ടത്ത് പട്ടാപ്പകല്‍ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള പ്രതി സെല്‍വരാജിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയുടെ വീടായ ശാസ്തവട്ടം മഠത്തില്‍മേലെ രേഷ്മാ ഭവന്‍ തടത്തരികത്ത് പുത്തന്‍ വീട്ടിലും തെളിവെടുപ്പ് നടത്തി.
സംഭവ സ്ഥലത്ത് ഫോറന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കൊലക്കുപയോഗിച്ച കത്തി പ്രതിയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ മാസം 26 ന് ശാസ്തവട്ടത്തുള്ള കടയില്‍ നിന്നാണ് കത്തി വാങ്ങി സൂക്ഷിച്ചതെന്ന് പ്രതി പോലീസിനോടു പറഞ്ഞു. അതുകൊണ്ടു തന്നെ പ്രതി കൊലപാതകം കരുതിക്കൂട്ടി ചെയ്തതെന്നാണ് പോലീസ് നിഗമനം.
പോത്തന്‍കോട് സി. ഐ. കെ. ശ്യാമിന്റെ നേത്യത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. വിരളടയാള ഉദ്യോഗസ്ഥ ചിത്രാദേവിയും ഫോറന്‍സിക് ഉദ്യോഗസ്ഥ എസ്. ഫാത്തിമയും സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ഇരിഞ്ചയം കിഴക്കുംകര പുത്തന്‍വീട്ടില്‍ പ്രഭ (37) കൊല്ലപ്പെട്ടത്. മങ്ങാട്ടുകോണം മഠത്തില്‍മേലെയില്‍ വീട്ടുജോലിക്ക് പോയി തിരികെ ഇരിഞ്ചയത്തെ വീട്ടിലേക്ക് മടങ്ങി പോകാന്‍ ശാസ്തവട്ടം ജങ്ഷനിലെത്തിയപ്പോഴാണ് ഭര്‍ത്താവ് സെല്‍വരാജ് എതിരെ വരികയും പ്രഭയെ തള്ളിയിട്ട് കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തുകയും ചെയ്തത്.