ന്യൂഡല്‍ഹി: സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികകളുടെ ഫീസ് പുനര്‍നിര്‍ണയിക്കണമെന്ന് സുപ്രീം കോടതി. കഴിഞ്ഞ നാല് അക്കാദമിക് വര്‍ഷത്തെ ഫീസ് പുനര്‍നിര്‍ണയിക്കണമെന്നാണ് ഫീസ് നിര്‍ണയ സമിതിക്ക് കോടതി നിര്‍ദേശം നല്‍കിയത്. 2017 മുതല്‍ കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ 12000 ത്തോളം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഫീസ് നിര്‍ണയ സമിതിയുമായി സഹകരിക്കണം എന്ന് മാനേജ്മെന്റ്കളോട് കോടതി ആവശ്യപ്പെട്ടു.
മാനേജ്മെന്റ് കളുടെ ഭാഗം കൂടി കേട്ട ശേഷം ഫീസ് പുനര്‍ നിര്‍ണയിക്കണം. രേഖകള്‍ സമര്‍പ്പിക്കാന്‍ ഫീസ് നിര്‍ണയ സമിതി അവസരം നല്‍കണം എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ മെഡിക്കല്‍ കോഴ്സിനും ചെലവാകുന്ന തുകയുടെ അടിസ്ഥാനത്തിലാകണം ഫീസ് നിശ്ചയിക്കേണ്ടതെന്നും മെഡിക്കല്‍ കോളേജുകളിലെ വിദ്യാഭ്യാസ ഇതര ചെലവുകള്‍ ഫീസ് നിശ്ചയിക്കുമ്പോള്‍ കണക്കിലെടുക്കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോളേജുകള്‍ നല്‍കുന്ന ശുപാര്‍ശ പരിശോധിക്കാന്‍ മാത്രമേ ഫീസ് നിര്‍ണ്ണയ സമിതിക്ക് അധികാരം ഉള്ളുവെന്ന് മാനേജ്മെന്റുകളുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അന്തിമ തീരുമാനമുണ്ടാകുന്നത് വരെ താത്കാലിക സംവിധാനമെന്ന നിലയില്‍ വാര്‍ഷിക ഫീസായി പതിനൊന്ന് ലക്ഷം രൂപ വിദ്യാത്ഥികളില്‍ നിന്ന് ഈടാക്കാന്‍ 2017 ല്‍ സുപ്രീം കോടതി അനുവദിച്ചിരുന്നു. 11 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയായിരുന്നു കോളേജുകള്‍ ആവശ്യപ്പെട്ട ഫീസ്. നടത്തിപ്പുചെലവ് സംബന്ധിച്ച് കോളേജുകള്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച ഫീസ് നിര്‍ണയ സമിതി നാലര ലക്ഷം മുതല്‍ അഞ്ചര ലക്ഷം വരെ ആയി ഫീസ് നിശ്ചയിച്ചിരുന്നു.
സമിതി നിശ്ചയിച്ച ഫീസ് 2019 ല്‍ ഹൈക്കോടതി റദ്ദാക്കി.കോളേജുകള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ കൂടി പരിശോധിച്ച ശേഷം വീണ്ടും ഫീസ് നിശ്ചയിക്കാനെന്ന് സമിതിയോട് ഹൈക്കോടതി അവശ്യപ്പെട്ടു. എന്നാല്‍ നേരത്തെ നിശ്ചയിച്ച ഫീസ് മതിയെന്ന് സമിതി ആവര്‍ത്തിച്ചു. ഇതിന് എതിരെ മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി തന്നെ ഫീസ് നിര്‍ണയിക്കാന്‍ നടപടി തുടങ്ങുകയായിരുന്നു. ഇതിനായി ഫീസ് നിശ്ചയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.