വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ നടക്കുന്നതായി ഉപഗ്രഹചിത്രങ്ങൾ പുറത്ത്. അമേരിക്കയുമായുള്ള യുദ്ധം തുടരുന്നതിനിടെയാണ് നിർമാണ പ്രവർത്തനങ്ങളിൽ ഈ വർധനവുണ്ടായതെന്നാണ് ആറ് വർഷത്തെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ച ഒരു സംഘം വിശകലന വിദഗ്ധരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ടെഹ്‌റാനിൽ നിന്ന് ഏകദേശം 140 മൈൽ തെക്കായി, നതാൻസ് ആണവ സമുച്ചയത്തിന് സമീപമാണ് പിക്‌ആക്‌സ് മൗണ്ടൻ എന്നറിയപ്പെടുന്ന ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
ഇറാന്റെ ഭാവി ആണവപദ്ധതികൾ സംരക്ഷിക്കുന്നതിനുള്ള സുരക്ഷിത കേന്ദ്രമായി ഇത് ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തലുള്ളതിനാൽ ഏറെക്കാലമായി ഈ കേന്ദ്രം നിരീക്ഷണത്തിലാണ്.സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് സെന്റർ (CSIS) നടത്തിയ പുതിയ ഉപഗ്രഹചിത്ര വിശകലനത്തിലാണ് ഈ വർഷം നിർമാണ പ്രവർത്തനങ്ങൾ അതിവേഗം നടക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി ലഭിച്ച റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് സിഎൻഎൻ ഇത് റിപ്പോർട്ട് ചെയ്യുന്നത്.
ഇറാന്റെ ആണവപദ്ധതിക്ക് സുരക്ഷിത കേന്ദ്രമായി ഉപയോഗിക്കാനാണ് ഈ ഭൂഗർഭ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് സെന്ററിലെ വിശകലന വിദഗ്ധർ വിലയിരുത്തുന്നത്.പിക്‌ആക്‌സ് മൗണ്ടനിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള റോഡ് പ്രവർത്തനങ്ങൾ 2026ൽ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തുരങ്ക പ്രവേശന കവാടങ്ങൾ ഉയർത്തുകയും കൂടുതൽ സുരക്ഷിതമാക്കുകയും, ആന്തരിക റോഡ് ശൃംഖലയിൽ ടാറിങ് നടത്തിയതും, പ്രവേശന മേഖലകൾ കൂടുതൽ ശക്തിപ്പെടുത്തിയതും തുരങ്ക നിർമാണത്തിനിടെ പുറത്തെടുത്ത മണ്ണ് നീക്കം ചെയ്ത് പ്രദേശം നിരപ്പാക്കുന്നതുമാണ് പ്രധാനമായും നടന്നിട്ടുള്ള പ്രവർത്തനങ്ങളെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.































