ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന് പിന്നിലെ മുഖ്യ പ്രവര്‍ത്തകന്‍ ഉമര്‍ നബിയെന്ന് എന്‍ഐഎയുടെ കണ്ടെത്തല്‍. വര്‍ഷങ്ങളായി ഭീകരശൃംഖല പുനരുജ്ജീവിപ്പിക്കാന്‍ ഉമര്‍ ശ്രമിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. ഇതിനായി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സമാഹരിച്ചതായും എന്‍ഐഎയുടെ കണ്ടെത്തല്‍. ചെങ്കോട്ട ആക്രമണത്തിനായി വാഹനം സ്‌ഫോടകവാഹനമാക്കി മാറ്റിയെന്ന് എന്‍ഐഎ വിശദീകരിക്കുന്നു. ആക്രമണത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറിനുള്ളില്‍ വച്ചാണ് ഉമര്‍ മരിച്ചതെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തല്‍. ആക്രണത്തിനായി നേരത്തെ തന്നെ രഹസ്യ കൂടിക്കാഴ്ചകളും എന്‍ക്രിപ്റ്റഡ് ആശയവിനിമയവും നടത്തി.
തീവ്രവാദ ആശയപ്രചാരണ രേഖകള്‍ ഉപയോഗിച്ച് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയെന്നും 7500 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.ബോംബ്, റോക്കറ്റ് നിര്‍മാണ സാങ്കേതികവിദ്യകള്‍ പഠിക്കാന്‍ പ്രതികള്‍ ഇന്റര്‍നെറ്റും യൂട്യൂബും ചാറ്റ്ജിപിടിയും ഉപയോഗിച്ചെന്നാണ് അന്വേഷണത്തിലെ മറ്റൊരു കണ്ടെത്തല്‍. സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന സാമഗ്രികള്‍ അന്വേഷണത്തില്‍ കണ്ടെത്തിയതായും എന്‍ഐഎ സംഘം പറയുന്നുണ്ട്. വിപുലമായ ആക്രമണ പദ്ധതിയുടെ ഭാഗമായി ഡ്രോണുകളും ഉപയോഗിക്കാന്‍ പദ്ധതിയിട്ടിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. സ്ഫോടനത്തിന് ഉപയോഗിച്ച വാഹനത്തില്‍ നിന്ന് ലഭിച്ച ഡിഎന്‍എയും ഉമര്‍ ഉന്‍ നബിയുടേതുമായി പൊരുത്തപ്പെട്ടതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു.






























