കോഴിക്കോട് : പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാല്‍ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്ന കോടതി പരാമര്‍ശത്തെ അനുകൂലിച്ച് സുന്നി നേതാവ് സത്താര്‍ പന്തല്ലൂര്‍. പരാതിക്കാസ്പദമായ സംഭവം നടന്നിട്ടുണ്ടെങ്കില്‍ പ്രതി ശിക്ഷിക്കപ്പെടട്ടെ എന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഇത്തരവിലാണ് കോഴിക്കോട് സെഷന്‍സ് കോടതിയുടെ വിചിത്രവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശമുണ്ടായത്.
കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാര്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവാണ് വിവാദമായത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകള്‍ പ്രതി കോടതിയില്‍ ഹാജരാക്കിയിരുന്നു. ശരീരഭാഗങ്ങള്‍ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചുന്നത്. ഇത്തരത്തില്‍ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.