കോഴിക്കോട് : ആറു ജില്ലകളിൽ മുഴുവൻ കോവിഡ് പരിശോധനകളും ആർ.ടി.പി.സി.ആർ ആക്കുവാനുള്ള സർക്കാർ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിപക്ഷത്തിന്റെ നിർദേശങ്ങൾ ഉൾക്കൊണ്ടുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഏതാനും ജില്ലകളിൽ മാത്രം തീരുമാനം പരിമിതപ്പെടുത്താതെ മുഴുവൻ ജില്ലകളിലും ആർ.ടി.പി.സി.ആർ പരിശോധന നടപ്പാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
വിശ്വാസ്യത കുറഞ്ഞ ആന്റിജൻ പരിശോധനയെ പൂർണമായി ആശ്രയിച്ചതാണ് ഇന്ന് വീടുകൾ ക്ലസ്റ്ററുകളായി മാറുവാൻ കാരണം. പരിശോധനകൾ പൂർണമായി ആർ.ടി.പി.സി.ആർ വേണമെന്ന് ആവശ്യപ്പെട്ടത് എന്റെ തന്നെ അനുഭവം ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു. എനിക്ക് ആദ്യം കോവിഡ് ബാധയുണ്ടായപ്പോൾ ആദ്യം നടത്തിയ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയിരുന്നു. തുടർന്ന് നടത്തിയ ആർ.ടി.പി.സി.ആറിലാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
മറ്റെല്ലാ സംസ്ഥാനങ്ങളും പൂർണമായി ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ നടത്തിയപ്പോൾ നമ്മൾ ആന്റിജൻ ടെസ്റ്റിന്റെ പരിശോധനാ ഫലത്തെ ആധാരമാക്കിയാണ് പ്രതിരോധ നടപടികൾ സ്വീകരിച്ചത്. സംസ്ഥാനത്ത് നടത്തുന്ന പരിശോധനകളിൽ 25 ശതമാനം മാത്രം ആർ.ടി.പി.സി.ആർ നടത്തിയത് വഴി വൈറസ് ബാധയെ കണ്ടെത്താൻ നമുക്ക് സാധിച്ചില്ല എന്നതാണ് രോഗവ്യാപനം രൂക്ഷമാവാൻ വഴിവെച്ചതെന്നും വി.ഡി. സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.