പത്തനംതിട്ട : ജില്ലയിൽ ഉൾപ്പെട്ട മല്ലപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായത് ജില്ലാ ഭരണകൂടത്തിന്റെ പിടിപ്പുകേടും പ്രളയ മുന്നറിയിപ്പ് നൽകുന്നതിലെ വീഴ്ച്ചയുംമൂലമാണെന്ന് ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ കുറ്റപ്പെടുത്തി.
ഉരുൾ പൊട്ടൽ മൂലം മുണ്ടക്കയം, കാത്തിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറിയപ്പോൾ മണിമലയാറ്റിൽ വെള്ളമുയരുമെന്ന് കണ്ട് തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നെങ്കിൽ മല്ലപ്പള്ളിയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിക്കില്ലായിരുന്നെന്നും ഇതിന് ഉത്തരവാദികൾ ജില്ലാ ഭരണകൂടവും സർക്കാരുമാണ്.
പേമാരി, വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള പ്രകൃതി ക്ഷോഭം മൂലം ജില്ലയിൽ നിരവധി പേർക്ക് വീട് നഷ്ടമാകുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുയും ചെയ്തിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയുള്ള നഷ്ടവും കൃഷി നാശവും വ്യാപകമായ തോതിലാണ്.
പേമാരിയും വെള്ളപ്പൊക്കവും മൂലം ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ഉറപ്പു വരുത്തണമെന്നും നാശനഷ്ടങ്ങൾ വിലയിരുത്തി ജനങ്ങൾക്ക് അടിയന്തിര നഷ്ടപരിഹാരവും ആവശ്യമായ സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കണമെന്ന് സതീഷ് കൊച്ചു പറമ്പിൽ ആവശ്യപ്പെട്ടു.
മല്ലപ്പള്ളി മേഖലയിൽ വെള്ളം കയറി ഉണ്ടായ ദുരിതത്തിന് ഇരയായവരെ ആശ്വസിപ്പിക്കുന്നതിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും തിരുവല്ല, റാന്നി എംഎൽഎ മാർ തികഞ്ഞ പരാജയമാണ്. ജില്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സജീവമായി മുന്നിട്ടിറങ്ങണമെന്ന് കോൺഗ്രസ്, പോഷക സംഘടനാ ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി ഡി സി സി പ്രസിഡന്റ് അറിയിച്ചു.
കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിലെ ദുരന്തസാദ്ധ്യത മുന്നിൽകണ്ട് ജില്ലയിൽ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സേവനം ലഭ്യമാക്കുവാൻ നടപടികൾ സ്വീകരിക്കണമെന്നും ഡി സി സി പ്രസിഡന്റ് ആവശ്യപ്പെട്ടു.