ജിദ്ദ : സൗദിയില്‍ കഴിഞ്ഞ മാസം മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഒട്ടകത്തിലിടിച്ച് മറിഞ്ഞുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശി പാലത്തിങ്ങല്‍ ബീരാന്‍കുട്ടിയുടെ ഭാര്യ റംലത്ത് (50) ആണ് മരണത്തിന് കീഴടങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ജിദ്ദ കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. കഴിഞ്ഞ മാസം ഏഴിന് മദീന സന്ദര്‍ശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുന്ന വഴി ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ റാബഖില്‍ വെച്ച് ഒട്ടകത്തെ ഇടിച്ച് മറിയുകയായിരുന്നു.
മലപ്പുറം പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ അബ്ദുല്ലയുടെ മകന്‍ റിഷാദ് അലി (28) സംഭവസ്ഥലത്തും ഡ്രൈവര്‍ പുകയൂര്‍ കൊളക്കാടന്‍ അബ്ദുല്‍ റഊഫ് (38) ആശുപത്രിയിലും മരിച്ചു. മരിച്ച റിഷാദ് അലിയുടെ ഭാര്യ ഫര്‍സീന മൂന്നര വയസ്സായ മകള്‍ അയ്മിന്‍ റോഹ എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇവര്‍ ചികിത്സയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു .