സൗദി : സൗദിയില്‍ കൊറോണ വൈറസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമല്ലെന്നും ആരോഗ്യ മന്ത്രാലയം. കുവൈത്തില്‍ കൊറോണ സ്ഥിരീകരിച്ചത് സൗദി പൗരനാണെങ്കിലും ഇദ്ദേഹത്തെ ചികിത്സക്ക് ശേഷമേ സൗദിയിലെത്തിക്കൂ. കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും പാഴ്സലുകള്‍ സ്വീകരിക്കുന്നതിന് നിലവില്‍ വിലക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.
ഇറാനില്‍ നിന്നെത്തിയ സൗദി പൗരനാണ് കുവൈത്തില്‍ വെച്ച് കൊറോണ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ പൂര്‍ണമായും ഭേദമാകും വരെ രോഗിയെ കുവൈത്തില്‍ ചികിത്സിക്കും. ഭേദമായ ശേഷമേ സൗദിയിലെത്തിക്കൂ എന്നാണ് ആരോഗ്യ മന്ത്രാലയം ഇന്നറിയിച്ചത്. കൊറോണ വൈറസ് വ്യാപനമുണ്ടായ ചൈനയിലും വൈറസ് ബാധ സംശയിക്കുന്ന മറ്റ് രാജ്യങ്ങളിലും നിന്നുള്ള ഷിപ്മെൻറുകളും പോസ്റ്റൽ പാഴ്സലുകളും സ്വീകരിക്കാം. ഇതില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സൗദി ആരോഗ്യമന്ത്രാലയം പറഞ്ഞു. ശ്വസന രോഗങ്ങൾക്കെതിരെ സ്വീകരിക്കേണ്ട അതേ മുൻകരുതൽ നടപടികളാണ് കൊറോണയ്ക്കും എതിരെ വേണ്ടതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പുതിയ കൊറോണ വൈറസ് സംബന്ധിച്ച എന്ത് അന്വേഷണങ്ങൾക്കും ആരോഗ്യ കേന്ദ്രത്തിന്റെ 937 എന്ന ടോൾ ഫ്രീ നമ്പരിലേക്ക് വിളിക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.