ന്യൂഡല്‍ഹി : സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും കൂടിക്കാഴ്ച നടത്തി. ഹ്രസ്വ സന്ദര്‍ശനത്തിനായി ദില്ലിയിലെത്തിയതാണ് സൗദി വിദേശകാര്യ മന്ത്രി. ദില്ലിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം പുതുക്കുകയും ഇരുരാജ്യങ്ങള്‍ക്കും പൊതുതാല്‍പ്പര്യമുള്ള പ്രാദേശിക, രാജ്യാന്തര വിഷയങ്ങള്‍ ചര്‍ച്ചയാകുകയും ചെയ്തു.
2019 ഒക്‌ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദര്‍ശിച്ച വേളയില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച തന്ത്രപരമായ പങ്കാളിത്ത കൗണ്‍സില്‍ ഉടമ്പടിയുടെ പുരോഗതിയും ഇരുവരും അവലോകനം ചെയ്തു. വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ, സാംസ്‌കാരികം, കോണ്‍സുലാര്‍ പ്രശ്‌നങ്ങള്‍, ആരോഗ്യ പരിപാലനം, മാനവവിഭവശേഷി എന്നിവയില്‍ പരസ്പര പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളെ കുറിച്ചും ചര്‍ച്ച നടത്തി. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍, ഗള്‍ഫ്, ഇന്തോ-പസഫിക് മേഖലയിലെ വിഷയങ്ങള്‍ എന്നിവയും ചര്‍ച്ചയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സൗദി വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു.