ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് കത്തയച്ച് മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ക്യപ്റ്റന്‍മാര്‍. ഇന്ത്യന്‍ ക്യാപ്റ്റന്മാരായ കപില്‍ ദേവും സുനില്‍ ഗവാസ്‌കറുമടക്കം 21 മുന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളാണ് ഇമ്രാന്‍ ഖാന് മതിയായ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് കത്ത് എഴുതിയിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഓഗസ്റ്റ് 23 ഞായറാഴ്ച ഈ അഭ്യര്‍ത്ഥന നടത്തിയത്.കോടതി നിര്‍ദ്ദേശിച്ച വൈദ്യപരിശോധന തടസ്സപ്പെടുത്തുകയും അത് നടപ്പിലാക്കാതിരിക്കുകയും ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇവരുടെ നീക്കം. 1992-ല്‍ പാകിസ്ഥാന്‍ തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ ക്യാപ്റ്റന്‍ ഇതിനകം മൂന്ന് വര്‍ഷത്തിലേറെയായി തടവ് ശിക്ഷ അനുഭവിക്കുകയാണ്.
ആറ് മാസം മുന്‍പ് പതിനാല് മുന്‍ നായകര്‍ ഇതേ ആവശ്യം ഉന്നയിച്ച് ഷെരീഫിന് കത്തെഴുതിയിരുന്നു. ഇതിലും നടപടിയൊന്നുമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ മുന്‍ ക്യാപ്റ്റന്മാര്‍ രംഗത്തുവന്നത്. രാഷ്ട്രീയക്കാര്‍ എന്ന നിലയിലല്ല, ഒന്നിച്ച് കളിച്ചവര്‍ എന്ന നിലയ്ക്കാണ് തങ്ങള്‍ ഈ അപേക്ഷ നടത്തുന്നതെന്നും ക്യാപ്റ്റന്മാര്‍ പറഞ്ഞു.സുപ്രീം കോടതി നിര്‍ദേശിച്ചത് അനുസരിച്ച് ഇമ്രാന്‍ ഖാന്റെ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡ് സമഗ്രമായ പരിശോധന നടത്തണം. മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍ എന്തുതന്നെയായാലും വൈകാതെ തന്നെ വൈദ്യസഹായം ലഭ്യമാക്കണം. ആഴ്ചയില്‍ കുടുംബാംഗങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ നല്‍കിയ അനുമതി പുന:സ്ഥാപിക്കണം എന്നിവയാണ് ആവശ്യങ്ങള്‍. എഴുപതിമൂന്നുകാരനായ ഇമ്രാന്‍ മൂന്ന് വര്‍ഷമായി കസ്റ്റഡിയില്‍ കഴിയുകയാണ്. ഒരു കണ്ണിന്റെ കാഴ്ചയ്ക്ക് പ്രശ്നമുള്ളതായാണ് റിപ്പോര്‍ട്ട്.
ഇതിനെ തുടര്‍ന്നാണ് പഴയ കളിക്കാര്‍ ഒന്നിച്ച് രംഗത്തെത്തിയിരിക്കുന്നത്.കപിലിനും ഗാവസ്‌ക്കര്‍ക്കും പുറമെ ദിലീപ് വെങ്സാര്‍ക്കര്‍, ക്ലൈവ് ലോയ്ഡ്, അര്‍ജുന രണതുംഗ, അലന്‍ ബോര്‍ഡര്‍, ഗ്രേഗ് ചാപ്പല്‍, ഇയാന്‍ ചാപ്പല്‍, സ്റ്റീവ് വോ, ജോണ്‍ റൈറ്റ്, മൈക്കല്‍ ആര്‍തര്‍ട്ടണ്‍, ആഡം ഗില്‍ക്രിസ്റ്റ്, ഡേവിഡ് ഗവര്‍, അലക്സ് ബ്ലാക്ക്വെല്‍, മൈക്കല്‍ ബ്രേര്‍ളി, ബെലിന്‍ഡ ക്ലാര്‍ക്ക്, അലെയ്സ്റ്റര്‍ കുക്ക്, ലീ ജെര്‍മോണ്‍, കിം ഹ്യൂസ്, നാസര്‍ ഹുസൈന്‍, ആന്‍ഡ്ര്യൂ സ്ട്രോസ് എന്നിവരാണ് അപേക്ഷയുമായി രംഗത്തുവന്നത്.






























