പെരിനാട് : കക്കൂസ് മാലിന്യങ്ങള്‍ പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നതിനെതിരെ പ്രതിഷേധ പരിപാടിയുമായി മാടത്തുംപടി പൗരസമിതി. ശുഭാനന്ദ ആശ്രമത്തിന്റെ ഭാഗമാണ് എന്ന അവകാശത്തില്‍ ദമ്പതികള്‍ നിര്‍മ്മിച്ച ആശ്രമത്തിലെ ശുചി മുറിയുടെ ടാങ്ക് പമ്പാ നദിയില്‍ സ്ഥാപിച്ച് നദിയിലെ വെള്ളo മലിനമാക്കുന്നതിനെതിരെ മാടത്തുംപടി പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രണ്ടു മണിക്ക് പെരുനാട് മാര്‍ക്കറ്റില്‍ നിന്ന് ആരംഭിച്ച് മടത്തുമൂഴി വഴി മാടത്തുംപടിയില്‍ പ്രതിഷേധ ജാഥയിലും സമാപന സമ്മേളനത്തിലും പ്രസാദ് കുഴിക്കാല അടക്കം നിരവധി പൊതു പ്രവര്‍ത്തകര്‍ പങ്കെടുക്കും.
വീട്ടാവശ്യങ്ങള്‍ക്കായി ശുദ്ധജലവിതരണം നടത്താനുള്ള വാട്ടര്‍ അതോററ്റിയുടെ രണ്ട് പമ്പിങ് സ്റ്റേഷനുകളുണ്ട്. ഇതുകൂടാതെ എല്ലാ വീട്ടുകാരും വേനല്‍ക്കാലത്ത് ഈ വെള്ളമാണ് പമ്പാ നദിയില്‍ നിന്ന് നേരിട്ട് ഉപയോഗിക്കുന്നത്. കക്കൂസ് മാലിന്യം കൂടാതെ ആശ്രമത്തിലെ അടുക്കളമാലിന്യവും പമ്പാനദിയിലേക്കാണ് ഒഴുകുന്നത്. പ്രദേശവാസികള്‍ പലതവണ നേരിട്ട് ആവശ്യപ്പെട്ടിട്ടും ശാസ്ത്രീയമായ രീതിയില്‍ ടാങ്ക് പുനര്‍നിര്‍മ്മിക്കാനോ ഇത് പരിഹരിക്കാനോ ഇവര്‍ ശ്രമിച്ചിട്ടില്ല. ഇതിനെതിരെ പൗരസമിതി നല്‍കിയ പരാതിയില്‍ ആരോഗ്യവകുപ്പും പഞ്ചായത്തും ആശ്രമ ഉടമസ്ഥന് നോട്ടീസ് നല്‍കിയിരുന്നു.
ഷെഡ് വെക്കാനുള്ള പഞ്ചായത്തിന്റെ അനുവാദത്തിന്റെ മറവിലാണ് ആശ്രമം എന്ന പേരില്‍ മണിമാളിക പണിത് മധുസൂതനനും ഭാര്യയും താമസമാക്കിയിരിക്കുന്നത്. ഇത് വഴി പോകുന്ന സ്ത്രീജനങ്ങളെ ആര്‍ത്തവസമയത്ത് വഴി ഉപയോഗിക്കരുത് എന്ന് പലതവണ മധുസൂദനനും ഭാര്യ മണിയും വിലക്കുകയും കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും ചെയ്തു എന്ന ആരോപണവും ഉണ്ട്. അധികാരികളുടെ ഭാഗത്ത് നിന്ന് പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കിട്ടിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് സമിതി നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് ജയേന്ദ്രന്‍ (ഷാജി) കോട്ടൂര്‍, സെക്രട്ടറി മോളി ഷാജി എന്നിവര്‍ പറഞ്ഞു.