ബ്രസീലിയ: കാലപ്പഴക്കത്തെ തുടര്‍ന്ന് പൊളിക്കാന്‍ തീരുമാനിച്ച വിമാനവാഹിനി കപ്പല്‍ ബ്രസീല്‍ നാവികസേന അത്‍ലാന്റിക് മഹാസമുദ്രത്തില്‍ മുക്കി. വിഷപദാര്‍ഥങ്ങള്‍ നിറഞ്ഞ കപ്പല്‍ സമുദ്രജീവികള്‍ക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുമെന്ന് കാണിച്ച് പരിസ്ഥിതി സംഘടനകള്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ‘സാവോപോളോ’ എന്ന യുദ്ധക്കപ്പല്‍ സമുദ്രത്തില്‍ മുക്കിയത്. ബ്രസീല്‍ തീരത്തുനിന്ന് 350 കിലോമീറ്റര്‍ അകലെ 5000 മീറ്ററിലധികം ആഴമുള്ള ഭാഗത്താണ് കപ്പല്‍ മുക്കിയതെന്ന് ബ്രസീല്‍ നാവികസേന വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.
സുരക്ഷിതമല്ലാത്തതിനാല്‍ ബ്രസീലിലെ തുറമുഖങ്ങളിലൊന്നും നങ്കൂരമിടാന്‍ ആറ് പതിറ്റാണ്ട് പഴക്കമുള്ള ഈ കപ്പലിന് അനുമതിയുണ്ടായിരുന്നില്ല. പരിസ്ഥിതി സംഘടനയായ ബ്രസീല്‍ ആക്ഷന്‍ നെറ്റ്‍വര്‍ക്ക് ബ്രസീല്‍ പ്രസിഡന്റ് ലൂല ഡിസില്‍വയെ സമീപിച്ചെങ്കിലും കപ്പല്‍ മുക്കുന്നത് തടയാനായില്ല. സര്‍ക്കാര്‍ സ്പോണ്‍സേഡ് പരിസ്ഥിതി കുറ്റകൃത്യമാണ് നടന്നതെന്ന് പരിസ്ഥിതി, തൊഴില്‍, മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മയായ ഷിപ് ബ്രേക്കിങ് പ്ലാറ്റ്ഫോം കുറ്റപ്പെടുത്തി.
1950കളില്‍ നിര്‍മിച്ച ഈ വിമാനവാഹിനി കപ്പല്‍ ഉപയോഗിച്ചാണ് ഫ്രാന്‍സ് ആദ്യത്തെ ആണവ പരീക്ഷണങ്ങളടക്കം നടത്തിയത്. 2000ത്തിലാണ് ഫ്രാന്‍സില്‍നിന്ന് ബ്രസീല്‍ വാങ്ങിയത്. 2005ല്‍ കപ്പലില്‍ തീപിടിത്തമുണ്ടായതോടെ നാശത്തിന്റെ വക്കിലെത്തി. കഴിഞ്ഞ വര്‍ഷം ‘സാവോപോളോ’ പൊളിക്കാന്‍ തുര്‍ക്കിയ കമ്പിനിക്ക് കൈമാറിയെങ്കിലും മെഡിറ്ററേനിയന്‍ കടലില്‍വെച്ച് തുര്‍ക്കിയ പരിസ്ഥിതി അധികൃതര്‍ തടഞ്ഞ് തിരികെ അയക്കുകയായിരുന്നു.