ചെന്നൈ: തൂത്തുക്കുടിയിലെ വിവാദമായ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാന്‍ സുപ്രീം കോടതി അനുമതി. ഓക്സിജന്‍ ഉത്പാദനത്തിനുവേണ്ടിയാണ് പ്ലാന്റ് തുറക്കാന്‍ കോടതി അനുവാദം നല്‍കിയത്. 1050 മെട്രിക് ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കമ്പിനിക്ക് കഴിയുമെന്നും എന്നാല്‍ പ്രതിഷേധം ഭയന്ന് അനുമതി നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടി വേദാന്ത ഗ്രൂപ്പാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അഞ്ചംഗ മേല്‍നോട്ട സമിതിയുടെ നേതൃത്വത്തിലായിരിക്കും പ്ലാന്റ് തുറക്കുക. ജൂലൈ 15 വരെ പ്രവര്‍ത്തിപ്പിക്കാനാണ് അനുമതി. പ്ലാന്റ് തുറക്കുന്നതിന് മുമ്പ് പരിശോധന നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. കോവിഡിന്റെ മറവില്‍ പ്ലാന്റ് തുറക്കാനുള്ള ഗൂഡനീക്കമെന്നാണ് സമരസമിതിയുടെ ആരോപണം. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് തൂത്തുക്കുടിയില്‍ പോലീസ് സന്നാഹം വര്‍ധിപ്പിച്ചു.
തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാന്‍ അനുമതി തേടി വേദാന്ത സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. പാരിസ്ഥിതിക പ്രശ്നവും പ്രതിഷേധവും കണക്കിലെടുത്ത് 2018-ലാണ് തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടിയത്. 14 പേരുടെ മരണത്തിനിടയാക്കിയ പോലീസ് നടപടിയ്ക്ക് പിന്നാലെ 2018 ഏപ്രില്‍ 9 മുതല്‍ പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്. പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ പ്രക്ഷോഭത്തിന് നേരെ നടന്ന പോലീസ് വെടിവെപ്പിലായിരുന്നു ആളുകള്‍ കൊല്ലപ്പെട്ടത്. പിന്നാലെയാണ് സര്‍ക്കാര്‍ പ്ലാന്റ് അടച്ച് പൂട്ടാന്‍ നടപടിയെടുത്തത്.