ന്യൂഡല്‍ഹി : പ്രവാചക നിന്ദ നടത്തിയ മുന്‍ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മയുടെ അറസ്റ്റ് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഇത് ലളിതവും നിരുപദ്രവകരവുമാണെന്ന് തോന്നുമെങ്കിലും ദൂരവ്യാപകമായ അനന്തരഫലങ്ങളുണ്ടെന്നും ഇത്തരം നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍ദേശിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അതേതുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിക്കുകയും കോടതി ഹര്‍ജി തള്ളുകയും ചെയ്തു.
അറസ്റ്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ ബെഞ്ച് വിമുഖത പ്രകടിപ്പിച്ചപ്പോള്‍, ആള്‍ക്കൂട്ട കൊലപാതകം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് തഹ്‌സീന്‍ പൊന്നാവല്ല വിധിയിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അബു സോഹെല്‍ എന്നയാളാണ് ഹര്‍ജിക്കാരന്‍. അഭിഭാഷകനായ ചാന്ദ് ഖുറേജി മുഖാന്തിരമാണ് ഹര്‍ജി ഫയല്‍ ചെയ്തത്. നേരത്തെ നൂപുര്‍ ശര്‍മക്കെതിരായ കേസുകളെല്ലാം ഡല്‍ഹി പോലീസിനു കീഴിലേക്ക് മാറ്റിക്കൊണ്ടു കോടതി ഉത്തരവിട്ടിരുന്നു. നൂപുര്‍ ശര്‍മാവയുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു നിര്‍ദേശം. സ്വകാര്യ ചാനലിലെ ചര്‍ച്ചക്കിടെയായിരുന്നു നൂപുര്‍ ശര്‍മ പ്രവാചക നിന്ദ നടത്തിയത്.