മഹാരാഷ്ട്ര : സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ ഇരു പക്ഷത്തിന്റെയും വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. പുതിയ സര്‍ക്കാര്‍ ചുമതല ഏല്‍ക്കുകയും സഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഉദ്ധവ് വിഭാഗത്തിന്റെ വാദങ്ങളെല്ലാം അപ്രസക്തമായി എന്നാണ് കോടതിയിലെ ഏക്നാഥ് വിഭാഗത്തിന്റെ നിലപാട്. ഗവര്‍ണര്‍ ഭരണഘടനയുടെ താത്പര്യങ്ങള്‍ അട്ടിമറിച്ച് കൊണ്ട് ഇടപെട്ടു എന്നാണ് താക്കറെ വിഭാഗത്തിന്റെ ആക്ഷേപം. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലാണ് കേസ്.
ഭൂരിപക്ഷം എംഎല്‍എ മാരുടെ പിന്തുണ ഉണ്ടെങ്കിലും ഷിന്‍ഡെ വിഭാഗത്തിനു യഥാര്‍ത്ഥ ശിവസേനയെന്ന് അവകാശപ്പെടാനാവില്ലെന്നു ശിവസേന താക്കറെ വിഭാഗം കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുകയോ അല്ലെങ്കില്‍ മറ്റൊരു പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്യാമെന്നുമാണ് താക്കറെ പക്ഷത്തിന്റെ വാദം. അതേസമയം പാര്‍ട്ടി വിട്ട് പോയാല്‍ മാത്രമേ കൂറ് മാറ്റ നിരോധന നിയമം ബാധകം മാകൂവെന്നും തങ്ങള്‍ പാര്‍ട്ടിയില്‍ തന്നെയാണെന്നും ഷിന്‍ഡെ വിഭാഗം വാദിച്ചു. ശിവസേന പിളര്‍പ്പുമായി ബന്ധപ്പെട്ട് 5 കേസുകള്‍ സുപ്രിം കോടതിയുടെ പരിഗണനയില്‍ ഉണ്ട്.