ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അപകീർത്തി കേസിൽ ശിക്ഷിച്ച സൂറത്ത് കോടതി ജഡ്ജി ഹരീഷ് വർമ ഉൾപ്പെടെ 68 ജഡ്ജിമാർക്ക് ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നൽകുന്നതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി എട്ടിന് പരിഗണിക്കും. ഹരീഷ് വർമയ്ക്ക് രാജ്കോട്ട് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചിരുന്നു. 65 ശതമാനം പ്രമോഷൻ ക്വോട്ടയിൽ സ്ഥാനക്കയറ്റം നൽകാനുള്ള പട്ടികയിൽ വർമ ഉൾപ്പെട്ടിരുന്നു. ഗുജറാത്ത് ലീഗൽ ഡിപാർട്മെന്‍റ് അണ്ടർ സെക്രട്ടറി രവികുമാർ മേഹ്ത, ലീഗൽ സർവിസ് അതോറിറ്റി അസി. ഡറക്ടർ സചിൻ പ്രതാപ് റായ് മേഹ്ത എന്നിവരാണ് ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തിനെതിരെ ഹർജി നൽകിയത്.
ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. മെരിറ്റും സീനിയോറിറ്റിയും പരിഗണിച്ച് സ്ഥാനക്കയറ്റത്തിന് പുതിയ പട്ടിക തയാറാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള ഹൈകോടതി ഉത്തരവിൽ ഏപ്രിൽ 28ന് സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തിരക്കിട്ടുള്ള ഈ നടപടിയിൽ ചീഫ് സെക്രട്ടറിയോട് വിശദീകരണം നൽകാൻ കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.