പത്തനംതിട്ട : നിര്‍ത്തലാക്കിയ സര്‍വീസുകള്‍ തുടങ്ങണമെന്ന് കെഎസ്ആര്‍ടിസി ഷെഡ്യൂള്‍ കമ്മിറ്റി. നിര്‍ത്തലാക്കിയ തിരുനെല്ലി, വഴിക്കടവ് കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ പുനരാരംഭിക്കും ഷെഡ്യൂള്‍ കമ്മിറ്റിയാണ് നിര്‍ദേശം വെച്ചത്. പത്തനംതിട്ട – കുമളി – കൊട്ടാരക്കര റൂട്ടില്‍ പുതിയ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് തുടങ്ങും. ജില്ലാ ആസ്ഥാനത്തെ കെഎസ്ആര്‍ടിസി ഡിപ്പോ എന്ന പ്രത്യേക പരിഗണനയില്‍ ഇവിടത്തെ ഷെഡ്യൂളുകള്‍ 65 ആയി ഉയര്‍ത്തണമെന്നാണ് വിവിധ യൂണിയനുകളുടെ പ്രധാന നിര്‍ദേശം. രാവിലെ 5ന് പുനലൂര്‍ വരെ പോയി അവിടെ നിന്ന് എറണാകുളത്തിനു സര്‍വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചറിന്റെ വൈകിട്ടത്തെ ട്രിപ്പ് പത്തനാപുരം വരെയാക്കണം. റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ പുനലൂര്‍ വരെ ഓടി എത്താന്‍ സമയം കിട്ടാത്തതാണ് കാരണം.
6.30ന് മലയാലപ്പുഴ വഴിയുള്ള പുതുക്കുളം ഓര്‍ഡിനറി പുനരാരംഭിക്കണം. രാവിലെ 6.05ന് വല്യയന്തി വഴിയുള്ള കോഴഞ്ചേരി ഷെഡ്യൂള്‍ പരിഷ്‌കരിച്ച് വീണ്ടും തുടങ്ങണം. 7.10 ളാഹ ഓര്‍ഡിനറിയുടെ അവസാന ട്രിപ്പ് പുനലൂരിനുള്ളത് ഒഴിവാക്കി എരുമേലിക്ക് സര്‍വീസ് നടത്തണം. പത്തനംതിട്ട – ആങ്ങമൂഴി റൂട്ടില്‍ കൂടുതല്‍ ബസുകളും മണിയാര്‍ വഴിയാണ്. മണക്കയം, പെരുനാട് വഴി ബസ് കുറവാണ്. അതിനാല്‍ 11.10 ആങ്ങമൂഴി സര്‍വീസ് പെരുനാട് വഴി ആക്കണം. കോവിഡിന്റെ പേരില്‍ ഡിപ്പോയില്‍ നിന്ന് ഒറ്റയടിക്ക് 26 ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കി. അതില്‍ ഏറ്റവും പ്രധാനം തിരുനെല്ലി ക്ഷേത്രം, വഴിക്കടവ് എന്നീ സര്‍വീസുകള്‍. തിരുനെല്ലി ബസിന്റെ പ്രതിദിന വരുമാനം 45000 രൂപയില്‍ കൂടുതലായിരുന്നു. തിരുനെല്ലി ക്ഷേത്ര ദര്‍ശനത്തിനു പോകുന്ന യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ സര്‍വീസായിരുന്നു ഇത്.
പത്തനംതിട്ടയില്‍ നിന്ന് പാടിച്ചിറ, ചിറ്റാരിക്കാല്‍ എന്നിവിടങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസ് നടത്തിവന്ന സ്വകാര്യ ബസുമായി മത്സരിച്ചാണ് ഇത് സര്‍വീസ് നടത്തിവന്നത്. ഇതിന്റെ പേരില്‍ പലതവണ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കവും പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. പിറ്റേദിവസം മുതല്‍ തിരുനെല്ലി സര്‍വീസ് മാനന്തവാടി വരെ ഓടിച്ചാല്‍ മതിയെന്നു ചീഫ് ഓഫിസില്‍ നിന്നു നിര്‍ദേശം വന്നു. പിന്നീട് പത്തനംതിട്ട- മാനന്തവാടിയാക്കി സര്‍വീസ് നടത്തി. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ വരുമാനം 40000 രൂപയില്‍ താഴെയായി. ആ കാരണം പറഞ്ഞ് സര്‍വീസ് നിര്‍ത്തി. തിരുനെല്ലി സര്‍വീസ് പുനരാരംഭിക്കാന്‍ കെഎസ്ആര്‍ടിസിയിലെ എല്ലാ യൂണിയനുകളും പലതവണ നിര്‍ദേശങ്ങള്‍ നല്‍കി.
പുതിയ ഗതാഗത മന്ത്രിയെ കണ്ട് വിഷയവും അവതരിപ്പിച്ചു. പക്ഷേ ഫലം കണ്ടില്ല. ഇന്നലെ ചേര്‍ന്ന ഷെഡ്യൂള്‍ കമ്മിറ്റി യോഗത്തിലും ഈ വിഷയം ചര്‍ച്ച ചെയ്തു. ലാഭകരമായ സര്‍വീസ് എന്ന നിലയില്‍ ഉടന്‍ പുനരാരംഭിക്കണമെന്നാണ് ഇന്നലത്തെ യോഗത്തിലെ നിര്‍ദേശം. വഴിക്കടവ് ഫാസ്റ്റിന്റെ കാര്യവും ഇതുതന്നെ. ഡിപ്പോയുടെ വരുമാനത്തില്‍ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന സര്‍വീസായിരുന്നു ഇത്. 38 വര്‍ഷമായി മുടങ്ങാതെ നടത്തിയ സര്‍വീസാണ് നിര്‍ത്തലാക്കിയത്. ഇത് വീണ്ടും തുടങ്ങാന്‍ ഷെഡ്യൂള്‍ കമ്മിറ്റി നിര്‍ദേശിച്ചു. എങ്കിലും ചീഫ് ഓഫിസില്‍ നിന്ന് അനുമതി ലഭിക്കുമോ എന്ന ആശങ്ക യൂണിയനുകള്‍ക്കുണ്ട്. 5 സംസ്ഥാനാന്തര സര്‍വീസ് ഉള്ള ഡിപ്പോയായിരുന്നു. ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടായിരുന്ന മൈസൂരു, ബെംഗളൂരു സര്‍വീസ് ആഴ്ചയില്‍ മൂന്ന് ദിവസമാക്കി. അതോടെ വരുമാനം പകുതിയായി കുറഞ്ഞു.