തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഫണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് കാര്‍ വാങ്ങാനും ജീവനക്കാര്‍ക്കു ശമ്പളം നല്‍കാനുമൊക്കെ വകമാറ്റി ചെലവഴിച്ചെന്ന് സി.എ.ജി. റിപ്പോര്‍ട്ട്. പട്ടിക, ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും വ്യാഴാഴ്ച നിയമസഭയില്‍വെച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 2017-18 മുതല്‍ 2021-22 വരെയുള്ള കാലയളവിലേതാണ് ഓഡിറ്റ് റിപ്പോര്‍ട്ട്.ന്യൂനപക്ഷവിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഫണ്ടില്‍നിന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറു(ഡി.ജി.ഇ.)ടെ വകമാറ്റി ചെലവഴിക്കല്‍. ഡി.ജി.ഇ. ഓഫീസിന്റെ ഉപയോഗത്തിനായി രണ്ടു പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ 2019-ല്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഫണ്ടില്‍നിന്ന് 40.28 ലക്ഷം രൂപ ചെലവഴിച്ചു.
സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ നിരീക്ഷണത്തിനായാണ് കാറുകള്‍ വാങ്ങിയതെന്നാണ് വിശദീകരണം. 2019 സെപ്റ്റംബര്‍മുതല്‍ 2022 മാര്‍ച്ചുവരെ ഈ വാഹനങ്ങളുടെ ഇന്ധനം, അറ്റകുറ്റപ്പണി, ഇന്‍ഷുറന്‍സ് തുടങ്ങിയവയ്ക്കായി 10.58 ലക്ഷവും ചെലവഴിച്ചു. നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താനും എ.സി., ഐ.പാഡുകള്‍, ടെലിവിഷന്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ വാങ്ങാനുമായി 10.98 ലക്ഷത്തിന്റെ ഫണ്ടും വകമാറ്റി.