ദില്ലി : ന്യൂനപക്ഷ സ്കോളർഷിപ്പിനുള്ള 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചു. ജനസംഖ്യാടിസ്ഥാനത്തിൽ സ്കോളർഷിപ്പ് തീരുമാനിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ന്യൂനപക്ഷ സ്കോളർഷിപ്പ് തീരുമാനിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാരിന്റെ ഹർജി.
ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന മെയ് 28ലെ ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നത്. സ്കോളർഷിപ്പ് ലഭിച്ചുകൊണ്ടിരുന്നവരുടേയും ബന്ധപ്പെട്ട സമുദായത്തിെന്‍റെയും വാദം കേൾക്കാതെ പൊതുതാൽപര്യ ഹർജിയിൽ പുറപ്പെടുവിച്ച വിധി നിലനിൽക്കുന്നതല്ലെന്നുമായിരുന്നു പുനഃപരിശോധന ഹർജിയിലെ വാദം.
എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. ജനസംഖ്യ അടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങളെ കണക്കാക്കി ആനുകൂല്യങ്ങൾ വിതരണം ചെയ്യണം എന്നതായിരുന്നു ഹൈക്കോടതിയുടെ വിധി. ഒരു വിഭാഗത്തിന് മാത്രം ഇത്തരത്തിൽ ആനുകൂല്യങ്ങൾ നൽകുന്നത് വിവേചനം ആണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.