തിരുവനന്തപുരം : ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ശ്രീകുമാറിന്‍റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്. ശ്രീകുമാറിന്‍റെ ഭാര്യക്ക് ജോലി നല്‍കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. സ്‌കൂള്‍ മാനേജ്‌മെന്റുമായി സബ് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. ശ്രീകുമാറിന്‍റെ കുടുംബത്തിന് പതിനായിരം രൂപ എല്ലാമാസവും പെന്‍ഷന്‍ നല്‍കുമെന്നും പിരിച്ചുവിട്ട മുഴുവന്‍ തൊഴിലാളികളെയും തിരിച്ചെടുക്കാമെന്നും ധാരണയായിട്ടുണ്ട്. ശ്രീകുമാറിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാറാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. സ്‌കൂളിനു സമീപം സ്വന്തം ഓട്ടോയില്‍ ഇരുന്ന് തീ കൊളുത്തുകയായിരുന്നു. ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രിക്കും പോലീസിനും കളക്ടര്‍ക്കും കത്തെഴുതി സഹപ്രവര്‍ത്തകനെ ഏല്‍പ്പിച്ച ശേഷമാണ് ശ്രീകുമാര്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ പതിനാറ് വര്‍ഷമായി കരിയകം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാര്‍. കോവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ വന്നതോടെ ഡ്രൈവര്‍മാരും ആയമാരും ഉള്‍പ്പടെ 86 പേരെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതിന്‍റെ ഭാഗമായി ശ്രീകുമാറിനും ഇതേ സ്‌കൂളിലെ ആയയായ ശ്രീകുമാറിന്‍റെ ഭാര്യയ്ക്കും ജോലി നഷ്ടപ്പെട്ടിരുന്നു.
തുടര്‍ന്ന് പിരിച്ചുവിടപ്പെട്ട തൊഴിലാളികള്‍ സ്‌കൂളിന് സമീപം സമരം നടത്തി. ഔട്ട്‌സോഴ്‌സിങ് ഏജന്‍സി വഴി ഇവര്‍ക്ക് തന്നെ ജോലി നല്‍കാമെന്ന് ചര്‍ച്ചയില്‍ സ്‌കൂള്‍ അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. അതിന്‍റെ ഭാഗമായി സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ജോലിക്കായി എത്തിയതായിരുന്നു ശ്രീകുമാര്‍. അപ്പോഴാണ് മറ്റുചിലര്‍ ജോലിക്ക് കയറുന്നത് ശ്രീകുമാര്‍ കണ്ടത്. ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് സൂചന.