തിരുവനന്തപുരം : പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ പങ്കെടുപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു. ഹെഡ്മാസ്റ്റർ പ്രദീപ്കുമാറിനെയാണ് സ്കൂൾ മാനേജ്‌മന്റ് സസ്‌പെൻഡ് ചെയ്തത്. സർക്കാർ നിർദേശത്തെ തുടർന്നായിരുന്നു നടപടി. പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചതിൽ ഫോർട്ട് സ്കൂൾ പ്രധാന അധ്യാപകന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്കൂൾ മാനേജ്മെന്റിനോട് പ്രധാന അധ്യാപകനെതിരെ നടപടി എടുക്കാൻ ആവശ്യപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്കൂൾ പ്രവേശന ദിവസം ജെ.സി.ഐ എന്ന സന്നദ്ധ സംഘടനയാണ് കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടകൻ ആരെന്ന് അവർ തീരുമാനിച്ചു. തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് സ്കൾ ഡിഡിഇ യോട് പ്രധാനാധ്യാപകൻ വിശദീകരിച്ചത്. എന്നാൽ വിശദീകരണം ഡിഡിഇ തള്ളിയിരുന്നു. പോക്‌സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്‌ളോഗര്‍ മുകേഷ് എം നായരെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞിരുന്നു. സ്‌കൂളിനും പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തില്‍ മാപ്പ് ചോദിക്കുന്നു. പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ.സി.ഐ. സംഘാടകര്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് നടത്തിയ കത്തില്‍ കൂട്ടിച്ചേർത്തത്.