കൊച്ചി: ഓണക്കിറ്റിലേക്ക് ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ നല്‍കിയ കമ്പനികള്‍ക്ക് സ്‌കൂള്‍ കിറ്റിലേക്കുള്ള ഉത്പന്നങ്ങള്‍ക്കും ടെന്‍ഡര്‍ നല്‍കാനൊരുങ്ങി സപ്ലൈകോ. ഓണക്കിറ്റിലേക്ക് ഗുണമേന്മയില്ലാത്ത ശര്‍ക്കര നല്‍കിയ അരുണാചലം ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഗുണനിലവാരമില്ലാത്ത പപ്പടം നല്‍കിയ ഹഫ്‌സര്‍ ട്രേഡിംഗ് കമ്പനി എന്നിവര്‍ക്ക് ടെന്‍ഡറില്‍ അംഗീകാരം ലഭിച്ചതായി സപ്ലൈകോയുടെ ഇ-ടെന്‍ഡര്‍ പോര്‍ട്ടല്‍ വ്യക്തമാക്കുന്നു. ഇതില്‍ ഹഫ്‌സര്‍ ട്രേഡിംഗ് കമ്പനി മുന്‍പ് ഭക്ഷ്യയോഗ്യമല്ലാത്ത കടലയും വിതരണത്തിന് എത്തിച്ചിട്ടുണ്ട്. ഈ കമ്പനികളില്‍ നിന്നും മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി എന്നിവ വാങ്ങാനുള്ള നീക്കമാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നടത്തുന്നത്.
ഹഫ്‌സര്‍ ട്രേഡിംഗ് കമ്പനി മൂന്ന് കറിപ്പൊടികളുടെ പട്ടികയിലും അരുണാചലം കമ്പനി മഞ്ഞള്‍പൊടിയുടെ ടെന്‍ഡറിലുമാണ് പങ്കെടുത്തത്. സ്‌കൂള്‍ കിറ്റിലേക്ക് ആവശ്യമായ മൂന്ന് കറിപ്പൊടികള്‍ക്കും ക്ഷണിച്ച ഇ ടെന്‍ഡറില്‍ ഈ കമ്പനികളുടെ സാങ്കേതിക ബിഡ് സപ്ലൈകോ ഇന്നലെ അംഗീകരിച്ചു. കൊമേഴ്‌സ്യല്‍ ബിഡില്‍ കൂടി അംഗീകാരം ലഭിച്ചാല്‍ ഈ കമ്പനികള്‍ക്ക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യാനാകും. ബ്ലാക് ലിസ്റ്റ് ചെയ്യപ്പെടുന്ന കമ്പനികള്‍ സാധാരണ ഈ ഘട്ടത്തില്‍ തഴയപ്പെടാറുണ്ട്. അതേസമയം സപ്ലൈകോയുടെ ഈ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.