എരുമേലി : ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്ന് എരുമേലി സെന്റ് തോമസ് എല്‍.പി സ്കൂളില്‍ ‘തെരഞ്ഞെടുപ്പ്’. സ്കൂള്‍ ലീഡറെ കണ്ടെത്താനായിരുന്നു ഒരാഴ്ച നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയ. കുട്ടികള്‍ ആവേശത്തോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കലും വോട്ട് ചോദിക്കലുമായി മുന്നോട്ട് നീങ്ങിയപ്പോള്‍, അധ്യാപകര്‍ കുട്ടികള്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്കി.
ഇതിനൊടുവില്‍ കുട്ടികള്‍ തികച്ചും ജനാധിപത്യരീതിയില്‍ സ്കൂളില്‍ ക്രമീകരിച്ചിരുന്ന രണ്ട് ബൂത്തിലായി വോട്ട് രേഖപ്പെടുത്തി. സ്കൂള്‍ ലീഡറായി അശ്വന്ത് രാജും ചെയര്‍പേഴ്സനായി വി.എസ് അമാനയും ക്ലബ് പ്രതിനിധിയായി ദിയ റെയ്ച്ചല്‍ ഷാജിയും തെരഞ്ഞെടുക്കപ്പെട്ടു. ഹെഡ്മിസ്ട്രസ് സി. റെജി സെബാസ്റ്റ്യന്‍, സാമൂഹിക ശാസ്ത്ര ക്ലബ് കണ്‍വീനര്‍ ലൗലി പി ജേക്കബ് എന്നിവര്‍ നേതൃത്വം നല്കി.