കോന്നി: കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവദിയുടെ സ്‌കൂള്‍തല പ്രവര്‍ത്തനങ്ങളുടെയും, ആര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തിലുള്ള ചിത്രകലപഠനകളരിയുടെയും ഉദ്ഘാടനം പ്രശസ്ത ചിത്രകാരന്‍ പ്രമോദ് കുരമ്പാല നിര്‍വ്വഹിച്ചു. മാതൃഭാഷയിലുള്ള കുട്ടികളിലെ ശേഷികള്‍ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. ചിത്രകലയിലെ അനന്തസാധ്യതകളും, നൂതന പ്രവണതകളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ദൗത്യമാണ് ചിത്രകലപഠനകളരിയിലൂടെ സ്‌കൂള്‍ ആര്‍ട്‌സ് ക്ലബ് ഏറ്റെടുത്തത്. ചിത്രകലയുടെ ചരിത്രവും, വിവിധ പരിണാമഘട്ടങ്ങളും, പാഠ്യേതര വിഷയങ്ങളുടെ പ്രാധാന്യവും, ഡിജിറ്റല്‍ ചിത്രകലയുടെ ഗുണദോഷങ്ങളുമെല്ലാം അവതരിപ്പിച്ചുകൊണ്ടുള്ള പ്രഭാഷണവും സംഘടിപ്പിച്ചു.
സ്‌കൂള്‍ കരിക്കുലത്തില്‍ കലാസാഹിത്യ മേഖലകളുടെ പ്രാധാന്യം തിരിച്ചറിയുന്നതിനൊപ്പം, ജീവിതവിജയത്തിലേക്ക് കുട്ടികളെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, ആര്‍ട്‌സ് ക്ലബ്ബിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ളത്. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് മനോജ് പുളിവേലില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ആര്‍.ശ്രീകുമാര്‍, മാനേജര്‍ എന്‍.മനോജ്, എസ്.ആര്‍.ജി.കണ്‍വീനര്‍ കെ.ആര്‍.രാജലക്ഷ്മി, മാനേജ്‌മെന്റ് പ്രതിനിധി എസ്.സന്തോഷ് കുമാര്‍, വിദ്യാരംഗം കണ്‍വീനര്‍ പ്രീതി ടി., ആര്‍ട്‌സ് ക്ലബ് കണ്‍വീനര്‍മാരായ സന്ധ്യ പി., ദീപ പി.എല്‍. എന്നിവര്‍ സംബന്ധിച്ചു.