പത്തനംതിട്ട : മൂന്നു മാസമായി മുടങ്ങിക്കിടന്ന പണം സര്‍ക്കാര്‍ അനുവദിച്ചിട്ടും 15 വര്‍ഷം മുന്‍പ് ഒരു കുട്ടിക്ക് അനുവദിച്ച എട്ട് രൂപയില്‍ ഒരു മാറ്റവും ഉണ്ടാകാത്തത് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയെ പ്രതിസന്ധിയിലാക്കുന്നു. വലിയ തോതില്‍ ചര്‍ച്ചകളും പ്രതിഷേധങ്ങളുമുണ്ടായതോടെയാണ് പണം അനുവദിച്ചത്. പലവ്യഞ്‌ജനങ്ങളുടെയും പച്ചക്കറികളുടെയും വില കുതിച്ചുയര്‍ന്നിട്ടും ചെലവ് പതിന്മടങ്ങ് വര്‍ധിച്ചിട്ടും ഒരു കുട്ടി പോലും വിശന്നിരിക്കരുത് എന്ന അധ്യാപകരുടെ ജാഗ്രതയാണ് പദ്ധതി മുടങ്ങാതിരിക്കാന്‍ കാരണം. ഉച്ചഭക്ഷണ തുക മൂന്ന് മാസം കിട്ടാതിരുന്നപ്പോള്‍ പ്രധാന അധ്യാപകര്‍ പണം മുടക്കി കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കി. പ്രധാന അധ്യാപകരുടെ ചെലവിലാണ് പല സ്‌കൂളുകളിലും ഭക്ഷണം നല്‍കുന്നത്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിന് വന്‍ പണച്ചെലവാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. സപ്ലൈകോയില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന അരി സ്‌കൂളിലെത്തിക്കാന്‍ കയറ്റിറക്ക് കൂലി ഒരു ചാക്കിന് 40 രൂപ വീതം നല്‍കണം. സ്‌കൂളുകളില്‍ അരി എത്തിക്കാനുള്ള വാഹന ചെലവ് അഞ്ഞൂറ് രൂപയോളം വരും. ശതാശരി 150 കുട്ടികള്‍ക്ക് ഉച്ചഭക്ഷണം തയാറാക്കാന്‍ പച്ചക്കറിക്ക് 750 രൂപ വേണം. പയര്‍, തുവര തുടങ്ങിയവ സപ്ലൈകോയില്‍ ലഭിക്കാത്തപ്പോള്‍ അവ പൊതുവിപണിയില്‍ നിന്ന് വാങ്ങണം.
കുട്ടികള്‍ക്ക് ആഴ്‌ചയില്‍ രണ്ടുദിവസം മുട്ടയും പാലും നല്‍കണം. ഒരു മുട്ടയ്‌ക്ക് ഏഴ് രൂപ. ഒരു ലിറ്റര്‍ പാലിന് 60രൂപ. പാചകവാതക സിലിണ്ടര്‍ ഒന്നിന് ആയിരം രൂപയോളം ചെലവ്. ഒരുകുട്ടിക്കായി ലഭിക്കുന്ന വരവ് എട്ട് രൂപ ആണെങ്കില്‍ ചെലവ് 15 രൂപയായി ഉയരുന്നു എന്നതാണ് വലയ്‌ക്കുന്ന പ്രശ്‌നം. ഒരു കുട്ടിക്ക് സര്‍ക്കാര്‍ മുന്‍പ് അനുവദിച്ചത് എട്ട് രൂപയാണെങ്കില്‍ ഇപ്പോള്‍ 12 മുതല്‍ 15 രൂപ വരെ ചെലവാകുന്നുണ്ട്. ഉച്ചഭക്ഷണത്തിന്റെ പേരില്‍ പൂര്‍വ വിദ്യാര്‍ത്ഥികളില്‍ നിന്നോ സന്നദ്ധ സംഘടനകളില്‍ നിന്നോ പണം പിരിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ചില സ്‌കൂളുകളില്‍ വികസന സഹായനിധി എന്ന പേരില്‍ പെട്ടി വെച്ചിട്ടുണ്ട്. ഇതില്‍ നിക്ഷേപിക്കുന്ന തുക ഉച്ചഭക്ഷണത്തിന് വിനിയോഗിക്കുകയാണ്.