തൃശ്ശൂര്‍ : അരണാട്ടുകരയില്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ സ്കൂള്‍ ഓഫ് ഡ്രാമയില്‍ വന്‍ തീപ്പിടിത്തം. ക്യാമ്പസിന് പിറകുവശത്തെ കെട്ടിടത്തിന് തീ പിടിച്ചു. അനേകം മരങ്ങള്‍ കത്തിനശിച്ചു. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകളും ക്യാമ്പസിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് മൂന്നുമണിക്കൂര്‍ നീണ്ട കഠിനപ്രയത്നത്തിലൂടെയാണ് തീ നിയന്ത്രണവിധേയമായത്. രാവിലെ 11-ഓടെ ക്യാമ്പസിനു പുറകിലുള്ള രാമാനുജം തിയേറ്ററിനു സമീപം പുക കണ്ടതോടെയാണ് തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടത്.
തിയേറ്ററിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പുക കണ്ട് പുറത്തിറങ്ങിയപ്പോഴേയ്ക്കും തീ പടര്‍ന്നിരുന്നു. ഇതിനകം വിദ്യാര്‍ഥികളുണ്ടായിരുന്ന തിയേറ്ററിന് തൊട്ടടുത്തുള്ള ഷീറ്റുമേഞ്ഞ ഷെഡ്ഡിന് തീ പിടിച്ചു. ഇതിനകത്ത് കൂട്ടിയിട്ടിരുന്ന പഴയ സാധനങ്ങളില്‍ ചിലത് കത്തിനശിച്ചിട്ടുണ്ട്. ക്യാമ്പസിനു പുറകിലുള്ള വിശാലമായ പാടത്തൊരിടത്ത് തീയിട്ടത് ക്യാമ്പസിലേക്ക് കത്തിപ്പടരുകയായിരുന്നുവെന്ന് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് പറഞ്ഞു.






























