പത്തനംതിട്ട : സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ജില്ലാതല അവലോകന യോഗം ചേര്‍ന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, എഡിഎം അലക്സ് പി തോമസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് ബീനാ റാണി, ജില്ലാ വിദ്യാഭ്യസ ഓഫീസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രാജേഷ് എസ് വള്ളിക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.
സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ സ്‌കൂളുകളിലും ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 26 ന് മുന്‍പായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. നാളെ (21) ഉച്ചകഴിഞ്ഞ് മൂന്നിന് നഗരസഭ ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ എന്നിവരുമായി ഓണ്‍ലൈനായി യോഗം ചേരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.