കര്‍ണാടക: നാരങ്ങാ നീര് മൂക്കിലിറ്റിച്ചാല്‍ കോവിഡിനെ പ്രതിരോധിക്കാമെന്ന് അവകാശപ്പെടുന്ന ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ വിജയ് സാങ്കേശ്വരുടെ വിഡിയോ വിശ്വസിച്ച് പരീക്ഷണത്തിനിറങ്ങിയ സ്‌കൂള്‍ അധ്യാപകന് ജീവന്‍ നഷ്ടമായി. മൂക്കില്‍ രണ്ട് തുള്ളി നാരങ്ങ നീര് ഇറ്റിച്ചാല്‍ ശരീരത്തില്‍ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും കോവിഡ് -19 അണുബാധ തടയുകയും ചെയ്യുമെന്ന് സാങ്കേശ്വര്‍ ചാനലില്‍ അവകാശപ്പെടുന്ന വീഡിയോ വൈറലായിരുന്നു.
ഇതു വിശ്വസിച്ചാണ് സിന്ധനൂര്‍ താലൂക്കില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനായ ബസവരാജ് മാലിപട്ടില്‍ പരീക്ഷണം നടത്തിയത്. അടുത്തുള്ള കടയില്‍ നിന്ന് നാരങ്ങ വാങ്ങുകയും ഓരോ മൂക്കിലും ഏതാനും തുള്ളികള്‍ മാലിപട്ടില്‍ ഇറ്റിച്ചതായും പോലീസ് പറയുന്നു. നാരങ്ങ നീരിന്റെ പ്രയോഗം അദ്ദേഹത്തില്‍ ശ്വാസതടസമുണ്ടാക്കിയിരിക്കാമെന്നും അവര്‍ സംശയിക്കുന്നു.
മൂക്കിനുള്ളില്‍ നാരങ്ങ നീര് ഒഴിച്ച ശേഷം ബസവരാജ് രാവിലെ രണ്ടുതവണ ഛര്‍ദ്ദിച്ചു. തുടര്‍ന്ന് കുടുംബം അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നും മൂത്ത സഹോദരന്‍ വിരുപക്ഷഗ പറയുന്നു. വിജയ് സാങ്കേശ്വര്‍ ചാനലില്‍ നാരങ്ങാ നീര് കോവിഡ് പ്രതിരോധിക്കുമെന്ന അവകാശവാദം ഉന്നയിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ഇപ്പോള്‍ അതുപരീക്ഷിച്ച് ഒരു അധ്യാപകന് മരിച്ചതിന്റെ ഉത്തരവാദി ആരാണെന്നാണ് സമൂഹം ചോദിക്കുന്നതെന്നും റൈച്ചൂര്‍ താലൂക്ക് പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നന്ദിഷ് പറയുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലുള്ളവര്‍ ഇത്തരം അശാസ്ത്രീയ പരീക്ഷണങ്ങള്‍ അടിസ്ഥാനമാക്കി വാദങ്ങള്‍ ഉന്നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അധ്യാപകന്റെ മരണ കാരണം താന്‍ നിര്‍ദേശിച്ച നാരങ്ങ തെറാപ്പി മൂലമല്ലെന്നും രക്തസമ്മര്‍ദ്ദം മൂലമാണെന്നുമാണ് സാങ്കേശ്വര്‍ പറയുന്നത്. നാരങ്ങ നീര് കോവിഡിനെ പ്രതിരോധിക്കുമെന്ന അവകാശവാദം തെറ്റാണെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. അത്തരം വ്യാജ ചികിത്സരീതികള്‍ ജീവന്‍ അപകടത്തിലാക്കുമെന്നും അവര്‍ പറഞ്ഞു.
കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം അവശ്യത്തിന് ചികിത്സാ സംവിധാനം ലഭിക്കാത്തതിനെ തുടര്‍ന്ന് അശാസ്ത്രീയമായ നാട്ടുചികിത്സകളെ ജനങ്ങള്‍ ആശ്രയിക്കുന്നത് വര്‍ദ്ധിച്ചിരിക്കുകയാണ്. ആയൂര്‍വേദ കഷായങ്ങള്‍ മുതല്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ വരെയാണ് ആളുകള്‍ പരീക്ഷിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന വ്യാജ ഡോക്ടര്‍മാരുടെ കുറിപ്പുകളെ പലരും വിശ്വസിക്കുകയാണ്.