വള്ളംകുളം : പുല്ലാട് ഉപജില്ലയിലെ സ്കൂളുകൾ ഇ-മാലിന്യ വിമുക്തമായി.സ്കൂളുകളിൽ വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന ഇലക്ട്രോണിക്സ് മാലിന്യങ്ങൾ ശേഖരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ക്ലീൻ കേരളാ കമ്പനിക്ക് കൈമാറി. ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവർ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണു സ്കൂളുകളിലെ ഇ-മാലിന്യം ശേഖരിച്ചത്. പുല്ലാട് ഉപജില്ലയിലെ 48 പ്രൈമറി, 10 ഹൈസ്കൂളുകൾ എന്നിവിടങ്ങളിൽ 15 വർഷത്തിലേറെയായി കിടന്ന മാലിന്യങ്ങളാണ് ശേഖരിച്ചത്. ലാപ്ടോപ്, കംപ്യൂട്ടറുകൾ, ടിവികൾ, യുപിഎസ്, ബാറ്ററികൾ തുടങ്ങിയവ എങ്ങിനെ നീക്കം ചെയ്യുമെന്നറിയാതെ ബുദ്ധിമുട്ടിയ അധികൃതർക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ സി.വി.സജീവാണു ക്ലീൻ കേരള കമ്പനിയുമായി ചർച്ച നടത്തി മാലിന്യശേഖരണത്തിനു വഴിയൊരുക്കിയത്.
ഓരോ വിദ്യാലയങ്ങളിൽ നിന്ന് ഇ-മാലിന്യങ്ങൾ വള്ളംകുളം ഗവ. യുപി സ്കൂൾ, പുല്ലാട് ഗവ. മോഡൽ യുപി സ്കൂൾ എന്നിവിടങ്ങളിൽ എത്തിച്ച് അവിടെ നിന്നു ക്ലീൻ കേരള കമ്പനി ശേഖരിച്ചാണു ശാസ്ത്രീയ സംസ്കരണത്തിനയച്ചത്. 3 ടൺ മാലിന്യങ്ങളാണു ശേഖരിച്ചത്. വള്ളംകുളം ഗവ.യു.പി. സ്കൂളിൽ ശേഖരിച്ച ഇ-മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻ നായർ ക്ലീൻ കേരളാ കമ്പനി ജില്ലാ മാനേജർ എം.ബി.ദിലീപ് കുമാറിന് കൈമാറി. സ്കൂൾ പ്രഥമാധ്യാപിക സിന്ധു എലിസബത്ത് ബാബു ഷാന്റി എൽ.ബിജു. സി.ജി.ചിത്ര എന്നിവർ നേതൃത്വം നൽകി.