തിരുവനന്തപുരം : രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ പ്രവേശനോത്സവത്തോടെ ബുധനാഴ്ച പുതിയ അധ്യയനവര്‍ഷത്തിലേക്ക്.
കോവിഡ് വ്യാപനത്തില്‍ 2020ലും 2021ലും ജൂണില്‍ സ്കൂള്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. കോവിഡ് ഭീതി കുറഞ്ഞെങ്കിലും മാസ്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ വിദ്യാര്‍ഥികളും അധ്യാപകരും പാലിക്കണം.
42.9 ലക്ഷം വിദ്യാര്‍ഥികളാണ് സ്കൂളുകളിലെത്തുക. മൂന്നരലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസ് പ്രവേശനത്തിലൂടെ സ്കൂളില്‍ നവാഗതരായിരിക്കും. ഇത്തവണയും സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ വിദ്യാര്‍ഥി പ്രവേശനം ഉയര്‍ന്നതായാണ് സൂചന. ആറാം പ്രവൃത്തി ദിവസത്തിന് ശേഷമായിരിക്കും കണക്ക് പുറത്തുവരുക. പാഠപുസ്തകങ്ങളുടെ ഒന്നാം ഭാഗത്തിന്റെ വിതരണം ഏറക്കുറെ അന്തിമഘട്ടത്തിലാണ്.
സൗജന്യ കൈത്തറി യൂണിഫോം വിതരണം ജൂണ്‍ ഒന്നിന് തുടങ്ങുമെന്നാണ് പ്രഖ്യാപനം. വിരമിക്കല്‍ നടന്ന സ്കൂളുകളിലും കുട്ടികള്‍ വര്‍ധിച്ച സ്കൂളുകളിലും മതിയായ അധ്യാപകര്‍ ഇല്ലാത്തത് പൊതുവിദ്യാഭ്യാസ മേഖലയിലെ മികവിനിടയിലും സര്‍ക്കാറിന് വെല്ലുവിളിയാണ്. സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തില്‍ വന്‍ മുന്നേറ്റം നടക്കുമ്പോഴും പാഠ്യപദ്ധതി പരിഷ്കരണ നടപടി പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണ്. വിദഗ്ധസമിതി രൂപവത്കരിച്ചിട്ട് രണ്ടുമാസമായെങ്കിലും ആദ്യയോഗം പോലും ചേര്‍ന്നിട്ടില്ല.