കൊല്ലം : സംസ്ഥാനത്തെ സ്കൂളുകൾ വെള്ളിയാഴ്ച തുറക്കുന്നതിനുമുന്നോടിയായി അഗ്നിരക്ഷാസേന അണുനശീകരണജോലികൾ തുടങ്ങി. അണുവിമുക്തമാക്കേണ്ട സ്കൂളുകളുടെ പട്ടിക വിദ്യാഭ്യാസവകുപ്പ് അധികൃതർ അഗ്നിരക്ഷാസേനയ്ക്ക് കൈമാറി. നിലവിൽ വിവിധ പരീക്ഷകൾ നടക്കുന്ന സ്കൂളുകളും കോളേജുകളും അഗ്നിരക്ഷാസേന അണുവിമുക്തമാക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനും വോട്ടെണ്ണലിനും സ്കൂളുകൾ ഉപയോഗപ്പെടുത്തിയിരുന്നു. കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളായും വിദ്യാലയങ്ങൾ പ്രവർത്തിച്ചിരുന്നു. സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ചികിത്സാകേന്ദ്രങ്ങൾ മറ്റിടങ്ങളിലേക്കുമാറ്റി. ഇങ്ങനെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന വിദ്യാലയങ്ങളാണ് അണുവിമുക്തമാക്കുന്നത്.
സ്കൂളുകളുടെ ശുചീകരണമാണ് മറ്റൊരു പ്രതിസന്ധി. മാസങ്ങളായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങളുണ്ട്. ജലജന്യരോഗങ്ങൾ വ്യാപകമാകുന്നതിനാൽ കിണറുകളുടെ ശുചീകരണവും പ്രധാനമാണ്. പൊതുഗതാഗതസൗകര്യം കുറഞ്ഞത് മലയോരമേഖലകളിലെ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടാകും. സ്കൂൾ ബസുകളിലെ യാത്രയ്ക്ക് ഒരു സീറ്റിൽ ഒരു കുട്ടിയെന്ന രീതിയിലുള്ള ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. വരുമാനക്കുറവുമൂലം സ്വകാര്യബസുകൾ സർവീസ് നിർത്തിയ ഒട്ടേറെ സ്ഥലങ്ങളുണ്ട്. കെ.എസ്.ആർ.ടി.സി.യും സർവീസുകൾ പൂർണതോതിൽ ആരംഭിച്ചിട്ടില്ല.
വിദ്യാർഥികൾക്ക് പ്രയോജനപ്രദമാകുന്ന തരത്തിൽ സർവീസുകൾ തുടങ്ങണമെന്ന് ഡി.ഡി.ഇ.മാർ അധികൃതരോട് അഭ്യർഥിച്ചിട്ടുണ്ട്. കൂടുതൽ സർവീസുകൾ വേണ്ട സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി ആർ.ടി.ഒ.മാർക്ക് കൈമാറാനുള്ള നടപടികളും പുരോഗമിക്കുകയാണ്. സ്വകാര്യവാഹനങ്ങളിൽ കുട്ടികളെ സ്കൂളിലെത്തിക്കാൻ കഴിയാത്ത രക്ഷിതാക്കളും വിഷമത്തിലാണ്. സ്കൂളുകളിൽ എത്താൻ കഴിയാത്ത വിദ്യാർഥികൾക്ക് ഗൂഗിൾമീറ്റ്, ഗൃഹസന്ദർശനം, പ്രാദേശിക പി.ടി.എ., പഠനവീട് എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഒരുക്കിനൽകും.