ഡൽഹി : കൊവിഡ് ബാധിച്ച ചിലർക്ക് ഗന്ധവും രുചിയും അറിയാനുള്ള കഴിവു നഷ്ടപ്പെടുന്നതിന്റെ കാരണം വിശദീകരിച്ച് ഹാർവഡ് മെഡിക്കൽ സ്കൂൾ ഗവേഷകർ. മൂക്കിലെ പ്രധാന കോശങ്ങളെ ആക്രമിക്കാൻ കൊറോണ വൈറസിനു കഴിയുമത്രേ. മനുഷ്യന്റെയും എലികളുടെയും ജനിതക വിവരം പരിശോധിച്ചപ്പോൾ മൂക്കിന്റെ പിൻഭാഗത്തുള്ള ചില കോശങ്ങളെ കൊറോണ വൈറസ് ലക്ഷ്യമാക്കുന്നതായി കണ്ടു. ഈ കോശങ്ങൾക്കുണ്ടാകുന്ന അണുബാധ ഗന്ധമറിയാനുള്ള കഴിവിനെ പ്രത്യക്ഷമായോ പരോക്ഷമായോ ഇല്ലാതാക്കുന്നതായി പഠനത്തിൽ പറയുന്നു.
പൂർണമായോ ഭാഗികമായോ ഗന്ധമറിയാനും രുചിയറിയാനുമുള്ള കഴിവുകൾ കൊവിഡ് ബാധിതർക്ക് നഷ്ടപ്പെടുന്നതായി ലോകത്തിന്റെ പല ഭാഗത്തും ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിരുന്നു. ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് anosmia എന്നും രുചി നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് dysgeusia എന്നുമാണ് പറയുക. ഇത് ഈ മഹാമാരിയുടെ ലക്ഷണങ്ങളിൽ പെടുന്നതായി അമേരിക്കൻ അക്കാദമി ഓഫ് ഓട്ടോലാരിങ്കോളജി വിഭാഗം തലവൻ പറഞ്ഞു. ഈ ലക്ഷണങ്ങളും കൊവിഡ് പരിശോധനയിൽ ഉൾക്കൊള്ളിക്കണം. മറ്റു ലക്ഷണങ്ങളുടെ അഭാവത്തിൽ ഈ രണ്ടു ലക്ഷണങ്ങൾ പ്രകടമാക്കുന്നവരെയും സെൽഫ് ഐസലേഷനിലാക്കുകയും പരിശോധന നടത്തുകയും വേണം.
ഈ പകർച്ചവ്യാധി മൂലമുണ്ടാകുന്ന അണുബാധ, നാസാദ്വാരങ്ങളിലെ ഇൻഫ്ലമേഷൻ കൂട്ടുകയും ഇത് ഗന്ധമറിയാനുള്ള കഴിവ് നഷ്ടപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്ന് ഹാർവഡ് മെഡിക്കൽ സ്കൂളിലെ ന്യൂറോബയോളജി വിഭാഗത്തിലെ ഡേവിഡ് ബ്രാൻ, സന്ദീപ് റോബർട്ട് ദത്ത എന്നിവർ പറഞ്ഞു. മൂക്കിലെ എപ്പിത്തീലിയൽ കോശങ്ങളെ വൈറസ് ബാധിക്കുകയും ഗന്ധമറിയാനുള്ള കഴിവ് നൽകുന്ന ഈ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നതു മൂലവുമാകാം ഗന്ധമറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു. ഗന്ധവും രുചിയും അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതിന്റെ കാരണം വെളിവായത് രോഗനിർണയത്തിനും രോഗത്തിന്റെ കാഠിന്യം മനസ്സിലാക്കാനും സഹായിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.