തിരുവനന്തപുരം : തര്‍ക്കത്തിനിടെ യാത്രക്കാരനെ ബേക്കറിക്കാരന്‍ തിളച്ച പാലൊഴിച്ച് പൊള്ളിച്ചു. തിരുവനന്തപുരത്ത് പോത്തന്‍കോട് മെലെമുക്കിലാണ് സംഭവം നടന്നത്.
പാലൊഴിച്ചതിനെ തുടര്‍ന്ന് ശരീരത്തില്‍ 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഇരുചക്ര വാഹന യാത്രക്കാരും കാര്‍ യാത്രക്കാരും തമ്മിലുള്ള വാക്കേറ്റത്തോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. സ്ത്രീ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തില്‍ കാര്‍ തട്ടുകയായിരുന്നു. പിന്നാലെ ഈ സ്ത്രീയെ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ ചേര്‍ന്ന് അസഭ്യം പറഞ്ഞു. ഇതോടെയാണ് നാട്ടുകാരും, മുന്നാസ് ബേക്കറിയുടെ ഉടമയും ജീവനക്കാരും പ്രശ്‌നത്തില്‍ ഇടപെടാന്‍ കടന്നു ചെന്നത്.
പ്രശ്ന പരിഹാരത്തിന് ചെന്നവരുടെ അടുത്തും കാറിലിരുന്നവര്‍ അസഭ്യം പറയുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു, ജീവനക്കാരില്‍ ഒരാള്‍ കാര്‍ യാത്രക്കാരുടെ ഫോട്ടോ എടുത്തു. തുടര്‍ന്ന് ഇതില്‍ പ്രകോപിതരായ കാര്‍ യാത്രക്കാര്‍ ബേക്കറി അടിച്ച് തകര്‍ക്കുകയും, ബേക്കറി ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു. ഈ സമയമാണ് ബേക്കറി ജീവനക്കാരില്‍ ഒരാള്‍ തിളച്ച പാല്‍ കാര്‍ യാത്രക്കാരില്‍ ഒരാളുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.
മര്യാദയില്ലാത്ത കാര്‍ യാത്രക്കാരുടെ പെരുമാറ്റം മൂലമാണ് പ്രശ്നങ്ങളുണ്ടായതെന്ന് പോലീസ്. കാര്‍ യാത്രക്കാര്‍ ആക്രമിച്ചെന്ന് കാട്ടി ബേക്കറി ജീവനക്കാരും പരാതി നല്‍കി.