കോഴിക്കോട് : സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ഗൃഹനാഥനെ അക്രമിച്ച് പണം കവര്‍ന്നു. തിക്കോടി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡായ പാലൂരില്‍ മുതിരക്കാല്‍ മുക്കില്‍ എരവത്ത് താഴെ കുനി സത്യന്‍ (50) ആണ് ഇന്നലെ രാത്രി ആക്രമിക്കപ്പെട്ടത്. പെയിന്റിങ് തൊഴിലാളിയായ സത്യന്‍ നടത്തുന്ന കുറിയുടെ പൈസ അംഗങ്ങളില്‍ നിന്ന്‍ വാങ്ങി തിരിച്ചു വരുമ്പോഴാണ് സംഭവം.
വീട്ടിലേക്ക് വരുന്ന വഴിയില്‍ റോഡില്‍ തെരുവ് വിളക്കില്ലാത്ത ഭാഗത്ത് വെച്ചു മാസ്ക് ധരിച്ച രണ്ട് പേര്‍ തടഞ്ഞുവെച്ച് കഴുത്ത് ഞെക്കിപ്പിടിച്ച് ട്രൌസറിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന 1,80,000/- രൂപ കവരുകയായിരുന്നു. മുളക് പൊടി വിതറിയ ശേഷമായിരുന്നു ആക്രമണം. പണം കവര്‍ന്ന ശേഷം ഇവര്‍ രക്ഷപ്പെട്ടു.
കഴുത്തില്‍ ഞെക്കിപ്പിടിച്ചതില്‍ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്നു ഏറെ നേരം ശബ്ദം പുറത്തേക്ക് വന്നില്ലെന്നും പിന്നീട് അത് വഴി വന്ന വാഹന യാത്രക്കാര്‍ ഇദ്ദേഹത്തെ കണ്ട് സമീപത്തെ വീട്ടില്‍ കൊണ്ട് പോയി മുഖത്തുണ്ടായിരുന്ന മുളക്പൊടി കഴുകി ബന്ധുക്കളെ വിവരം വിളിച്ചറിയിക്കുകയായിരുന്നു. പിന്നീട് രാത്രി വൈകി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പയ്യോളി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. വിരലടയാള വിദഗ്ദ്ധരും ഫോറെന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ആക്രമിക്കപ്പെട്ട സ്ഥലത്തും ഹെല്‍മറ്റിലും മുളക്പൊടി കണ്ടെത്തിയിട്ടുണ്ട്. പയ്യോളി എസ് ഐമാരായ എന്‍. സുനില്‍കുമാര്‍, വിമല്‍ ചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.