പത്തനംതിട്ട: നഗരമധ്യത്തില്‍നിന്ന് മോഷ്ടിച്ച സ്കൂട്ടറുമായി പോകുന്നതിനിടെ പെട്രോള്‍ തീര്‍ന്നതിനെത്തുടര്‍ന്ന് വഴിവക്കിലെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് മോഷ്ടാവ് ഓടിമറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെ വാഴമുട്ടത്താണ് സംഭവം. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് കിടങ്ങില്‍ പുത്തന്‍വീട്ടില്‍ ഷൈന്‍ ബേബിയുടെ സ്കൂട്ടറാണ് കോളജ് റോഡിലെ എസ്.ബി.ഐ എ.ടി.എമ്മിന് മുന്നില്‍നിന്ന് മോഷണം പോയത്. പണം എടുക്കാന്‍ ഷൈന്‍ എ.ടി.എമ്മില്‍ കയറിയപ്പോള്‍ മോഷ്ടാവ് സ്കൂട്ടര്‍ എടുത്തുകൊണ്ടുപോവുകയായിരുന്നു. അടൂര്‍-വാഴമുട്ടം-താഴൂര്‍ക്കടവ് റൂട്ടിലേക്കാണ് പോയത്. താഴൂര്‍ക്കടവ് അമ്പലം കഴിഞ്ഞുള്ള ഭാഗത്ത് ചെന്നപ്പോഴാണ് പെട്രോള്‍ തീര്‍ന്നെന്ന് മോഷ്ടാവിന് മനസ്സിലായത്. തുടര്‍ന്ന് സമീപത്തെ വീട്ടിലേക്ക് ഓടിച്ചുകയറ്റി.
അപരിചിതനായ ഒരാള്‍ ഹെല്‍മറ്റും ധരിച്ച് വീട്ടുമുറ്റത്ത് നില്‍ക്കുന്നത് കണ്ട വീട്ടുകാര്‍ ബഹളം കൂട്ടി. ഇതോടെ ഇയാള്‍ ഹെല്‍മറ്റും സ്കൂട്ടറും ഉപേക്ഷിച്ച് വീടിന്റെ അടുക്കളയില്‍ കയറി ഓടിമറയുകയായിരുന്നു. വീട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് പരിശോധിച്ചപ്പോഴാണ് സ്കൂട്ടര്‍ ടൗണില്‍നിന്ന് മോഷണം പോയതാണെന്ന് മനസ്സിലായത്.
ഇതിനകം ഷൈന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കറുത്തുമെലിഞ്ഞ ആളാണ് മോഷ്ടാവ്. കൈലി ആയിരുന്നു വേഷം. കയ്യില്‍ ഒരു കവറും ഉണ്ടായിരുന്നതായി പറയുന്നു.