കണ്ണൂര്‍ : കണ്ണവത്ത് വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ്. തലശ്ശേരി ജനറല്‍ ആശുപത്രിയിലാണ് സ്രവ പരിശോധന നടത്തിയത്. വെട്ടേറ്റ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാര്‍, ആംബുലന്‍സ് ഡ്രൈവര്‍, പോലീസുകാര്‍ ഉള്‍പ്പടെ നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.
ഇന്നലെ വൈകിട്ട് മൂന്നരയോടെ ചിറ്റാരിപ്പറമ്പ് ചൂണ്ടയില്‍ വെച്ചാണ് സംഭവം. സഹോദരിമാരോടൊപ്പം സലാഹുദ്ദീന്‍ കാറില്‍ പോകവേ ഒരു ബൈക്ക് വന്നു തട്ടി. രണ്ടാളുകള്‍ നിലത്തു വീണത് കണ്ട് ഡോറ് തുറന്നിറങ്ങിയ സലാഹുദ്ദീനെ സംഘം വളഞ്ഞിട്ട് വെട്ടുകയായിരുന്നു, തലയ്ക്കും കഴുത്തിനുമാണ് മാരകമായി വെട്ടേറ്റത്. ആശുപത്രിയിലേക്കുള്ള വഴിയില്‍ വെച്ചുതന്നെ സലാഹുദ്ദീന്‍ മരിച്ചു.
മുപ്പതുകാരനായ സലാഹുദ്ദീന് രണ്ട് മക്കളുണ്ട്. കണ്ണവത്തെ എസ്ഡിപിഐ പ്രാദേശിക നേതാവായ സലാഹുദ്ദീന്‍ ശ്യാമപ്രസാദ് കൊലക്കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു.