പത്തനംതിട്ട : കണ്ണൂര്‍ എഡിഎം പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നവീന്‍ ബാബുവിന്റെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്. ഒരു സർക്കാർ ഉദ്യോഗസ്ഥനെ സഹപ്രവർത്തകർക്ക് മുന്നിൽ പരസ്യമായി അപമാനിച്ചതാണ് അദ്ദേഹത്തിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് വ്യക്തമാണ്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെ കടന്ന് വന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ചത്. എടിഎമ്മിനെ കുറിച്ച് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കേണ്ടതിനുപകരം പരസ്യമായി സഹപ്രവർത്തകർക്ക് മുന്നിൽ അപമാനിച്ചതിന് പിന്നിൽ വ്യക്തി വൈരാഗ്യമാണോ എന്ന് അന്വേഷിക്കണം.
വിരമിക്കാന്‍ വെറും ഏഴു മാസം ബാക്കിയുണ്ടായിരുന്ന ഒരു മനുഷ്യനെയാണ് പരസ്യമായി അപമാനിച്ച് മരണത്തിലേക്ക് തള്ളിയിട്ടത്. എഡിഎമ്മിനെ കുറിച്ച് സഹപ്രവർത്തകർക്കോ നാട്ടുകാർക്കോ ആക്ഷേപമില്ല. സര്‍ക്കാര്‍ ജീവനക്കാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി ഏതു അഴിമതിയും നടത്തിയെടുക്കുന്ന സമീപനം കാലങ്ങളായി സിപിഎം തുടരുന്നതാണ്. അതിനു വഴങ്ങാത്ത ഉദ്യോഗസ്ഥരെ കടുത്ത പീഢനങ്ങള്‍ക്കു വിധേയരാക്കി പലരെയും മരണത്തിലേക്കു തള്ളിവിടുകയാണ്. തന്റെ പെൺമക്കളെയും ഭാര്യയെയും ഉപേക്ഷിച്ചു മരണത്തിലേക്ക് പോകാൻ എഡിഎമ്മിനെ നിർബന്ധിച്ചത് ആരായാലും അവർ നിയമനടപടി നേരിടണം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ തല്‍സ്ഥാനത്തു നിന്നു പുറത്താക്കി ആത്മഹത്യ പ്രേരണാകുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.