പത്തനംതിട്ട : മുസ്ലിം സമൂഹത്തിന്റെ സാമ്പത്തികവും സാംസ്കാരികവും ചരിത്രപരവുമായ അസ്ഥിത്വത്തിന്റെ അടിത്തറയിളക്കി വഖഫ് സ്വത്തുക്കൾ നിയമഭേദഗതിയിലൂടെ കൊള്ളയടിക്കാനുമുള്ള മോദി സർക്കാരിന്റെ നീക്കം അനുവദിക്കില്ലെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നിയമത്തിലൂടെ വഖഫ് സ്വത്തുക്കൾ കയ്യേറാനുള്ള ആർഎസ്എസിന്റെ നീക്കം എന്തുവിലകൊടുത്തും ചെറുക്കും. ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിലുള്ള ജെപിസി റിപ്പോർട്ടിന് രാജ്യസഭ അംഗീകാരം നൽകിയതിനെ തുടർന്ന് ബിൽ വ്യാപകമായി കത്തിച്ചുകൊണ്ടുള്ള എസ്ഡിപിഐ പ്രതിഷേധത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ഗാന്ധി സ്ക്വയറിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാറിന്റെ ആലയിൽ ചുട്ടെടുത്ത വഖഫ് ഭേദഗതി ബിൽ ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി സലിം മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പി സലീം, ജില്ലാ സെക്രട്ടറി ഷെയ്ഖ് നജീർ, ജില്ലാ ട്രഷറർ ഷാജി കോന്നി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിനു ജോർജ്, സഫിയ പന്തളം, ആറന്മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദ്, സെക്രട്ടറി അൻസാരി കൊന്നമ്മൂട്, പത്തനംതിട്ട നഗരസഭാ ജനപ്രതിനിധികളായ ശൈലജ എസ്, ഷീല എസ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. തുടർന്ന് നിരവധി പ്രവർത്തകരുടെയും ജനങ്ങളുടേയും സാന്നിധ്യത്തിൽ ബിൽ കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം, മുൻസിപ്പൽ, പഞ്ചായത്ത്, ബ്രാഞ്ച് തലങ്ങളിലും ബിൽ കത്തിച്ച് വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു.