പാലക്കാട്: പട്ടാമ്പി ചാലിശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. ചാലിശ്ശേരി ചാഴിയാട്ടിരി മതുപ്പുള്ളി പതിയാട്ടു വളപ്പില്‍ ഇസ്മായില്‍, മതുപ്പുള്ളി മാണിയംകുന്നത്ത് അനീസ് എന്നിവര്‍ക്കാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വര്‍ഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. പട്ടികജാതി വിഭാഗക്കാരനായ ചാഴിയാട്ടിരി മതുപ്പുള്ളി പേരടിപ്പുറത്ത് സന്തോഷിനെ വെട്ടി പരുക്കേല്‍പ്പിച്ച കേസിലാണ് ശിക്ഷ.
സന്തോഷും സുഹൃത്ത് കോതച്ചിറ മാണിക്കംകുന്ന് മുണ്ടോട്ടില്‍ വിപീഷും 2017 ഒക്ടോബര്‍ 26 ന് രാവിലെ ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. പ്രതികള്‍ ഇവരെ തടഞ്ഞ് നിര്‍ത്തി സന്തോഷിനെ വാള്‍ കൊണ്ട് വെട്ടി മാരകമായി പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. സന്തോഷ് ആര്‍എസ്എസ് ശാഖ നടത്തുന്നതിലെ വിരോധവും രണ്ടാം പ്രതി അനീസിന്റെ സഹോദരന്‍ അസ്‌കറിനെ ആക്രമിച്ചത് സന്തോഷാണെന്ന് കരുതിയുമാണ് ആക്രമിച്ചതെന്നാണ് കുറ്റപത്രം. ആദ്യത്തെ വെട്ടില്‍ ഇരുവരും ബൈക്കില്‍ നിന്ന് താഴെ വീണു. രണ്ടാമത്തെ വെട്ടില്‍ സന്തോഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വീണ്ടും വെട്ടിയെങ്കിലും തടുത്തതിനാല്‍ പരിക്കേറ്റില്ല. സമീപത്തെ വീട്ടില്‍ ഓടിക്കയറിയാണ് സന്തോഷ് രക്ഷപ്പെട്ടതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വിപീഷിന് ആക്രമണത്തില്‍ കാര്യമായി പരിക്കേറ്റിരുന്നില്ല. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്ക് എതിരെയുള്ള അതിക്രമം തടയല്‍ നിയമം 3 (2) 5 വകുപ്പ് അനുസരിച്ചാണ് ശിക്ഷ വിധിച്ചത്.