ബെംഗ്ലൂരു : എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക. ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കര്‍ണാടക സര്‍ക്കാര്‍ കത്തയച്ചു.
എസ്ഡിപിഐയേയും പോപ്പുലര്‍ ഫ്രെണ്ടിനേയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ തന്നെ കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നില്ല. ബെംഗളൂരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് എസ്ഡിപിഐയെ നിരോധിക്കണമെന്ന ആവശ്യം കര്‍ണാടക സര്‍ക്കാര്‍ വീണ്ടും ഉന്നയിച്ചിരിക്കുന്നത്.
ബെംഗളൂരു സംഘര്‍ഷവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ എസ്ഡിപിഐയ്ക്ക് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. ജനങ്ങളെ തെറ്റായ വിവരങ്ങള്‍ ബോധിപ്പിച്ച് എസ്ഡിപിഐ കലാപത്തിന് പ്രേരിപ്പിച്ചതായും പോലീസ് പറയുന്നു. സംഘര്‍ഷം നടന്ന പ്രദേശത്ത് പോലീസ് റൂട്ട് മാര്‍ച്ച് നടത്തുന്നുണ്ട്.
ബെംഗളൂരുവില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷം ചൊവ്വാഴ്ചയാണ് അരങ്ങേറിയത്. സംഭവത്തില്‍ അറുപതോളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയുടെ മരുമകന്‍ നവീന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്.
പോസ്റ്റ് പുറത്തുവന്ന് ഒരു മണിക്കൂറിനകം ആയിരത്തോളം പേരാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. 300 ഓളം വാഹനങ്ങളാണ് അഗ്‌നിക്കിരയാക്കിയത്. സംഭവത്തില്‍ എസ്ഡിപിഐ നേതാവ് മുസാമിന്‍ പാഷ ഉള്‍പ്പെടെ 110 പേരാണ് അറസ്റ്റിലായത്.