പത്തനംതിട്ട : കോവിഡ് പ്രതിരോധത്തിന്റെ മറവിൽ മത്സ്യ വ്യാപാരികളേയും വഴിയോര കച്ചവടക്കാരെയും സർക്കാർ അന്യായമായി ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് എസ്ഡിപിഐ തിരുവോണ ദിവസം പട്ടിണിസമരം സംഘടിപ്പിക്കും. എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയാണ് സമരം സംഘടിപ്പിക്കുന്നത്. പട്ടിണിസമരത്തിന്റെ സമാപനയോഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ഉസ്മാൻ ഉദ്ഘാടനം ചെയ്യും
മൽസ്യ മാർക്കറ്റുകൾ പൂർണ്ണമായും അടച്ചിട്ടതോടെ ആയിരക്കണക്കിന് കുടുംബങ്ങൾ മാസങ്ങളായി പട്ടിണിയിലാണ്. വീട്ടുപടിക്കലിൽ എത്തിച്ചുള്ള വ്യാപാരങ്ങളും നിരോധിച്ചിരിക്കുകയാണ്. എന്നാൽ ഓൺലൈൻ ഡെലിവറികൾക്കോ മുന്തിയ ഹോട്ടലുകളുടെ ഹോം ഡെലിവറികൾക്കൊ യാതൊരു നിയന്ത്രണവുമില്ല. വഴിയോര കച്ചവടക്കാരെ പൂർണ്ണമായും ഒഴിപ്പിച്ചിരിക്കുകയാണ്.
ഏതൊരു വ്യാപാരികളുടെയും പ്രതീക്ഷയാണ് ഓണക്കച്ചവടം എന്നത്. അസംഘടിത മേഖലകളിൽ പ്രവർത്തിക്കുന്നവർ ജീവിക്കേണ്ടതില്ല എന്ന നിലപാടിലാണ് സർക്കാരുകൾ. ദീർഘദൂര സർവീസ് വർദ്ധിപ്പിച്ചും ബാറുകളുടെ പ്രവർത്തന സമയം നീട്ടി നൽകിയും യാതൊരു നിയന്ത്രണവുമില്ലാതെ മാളുകളിലും ടൗണുകളിലും ജനങ്ങൾ തിങ്ങി കൂടുമ്പോഴും കോവിഡ് പ്രോട്ടോക്കോളിന്റെ ആവലാതി സർക്കാരിനില്ല. എന്നാൽ മൽസ്യ വ്യാപാരികളും വഴിയോര കച്ചവടക്കാരും രോഗം പടർത്തുന്നവരാണ് എന്ന ധാരണ പൊതു സമൂഹത്തിൽ നൽകുന്നതാണ് സർക്കാർ നടപടി.
ഇത്തരത്തിലുള്ള സർക്കാർ നടപടികളിൽ ദുരൂഹതയുണ്ട്. ഇതിനോടകം സിപിഎം നിയന്ത്രണത്തിലായ മത്സ്യ ഫെഡ് സാധാരണക്കാരായ കച്ചവടക്കാരെ പ്രയാസപ്പെടുത്തുകയാണ്. പൊതുവിപണിയിൽ കോർപ്പറേറ്റുകൾക്ക് അവസരം നൽകുകയാണ് സർക്കാർ നടപടികൾക്ക് പിന്നിൽ. ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗങ്ങൾ അടച്ചു പൂട്ടി കോവിഡിനെ പ്രതിരോധിക്കുന്നത് സർക്കാരിന്റെ പരാജയമാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജനങ്ങൾ പട്ടിണിയില്ലാതെ ജീവിച്ച് കോവിഡിനെ പരാജയപ്പെടുത്തുന്നിടത്താണ് സർക്കാരിന്റെ വിജയം. രോഗഭീതി പോലെ പ്രധാനമാണ് പട്ടിണിയെന്ന് സർക്കാർ മനസ്സിലാക്കണം. അസംഘടിത മേഖലകളെ സർക്കാർ കൈയ്യൊഴിയുകയാണ്. അടച്ചു പൂട്ടൽ മൂലം കഷ്ടപ്പെടുന്നവർക്കായി പ്രത്യേക കോവിഡ് പാക്കേജ് പ്രഖ്യാപിക്കണമെന്നും ജില്ലാ പ്രസിഡന്റ് അൻസാരി ഏനാത്ത് , ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷ് , ആറന്മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലിം തുടങ്ങിയവർ പറഞ്ഞു.