കൊച്ചി: അസാധാരണമായ ധൈര്യത്തോടെയും നർമബോധത്തോടെയും ആത്മാഭിമാനത്തോടെയുമാണ് യുവതലമുറ പ്രതിഷേധിക്കുന്നതെന്ന് എഴുത്തുകാരി കെ ആർ മീര. നേഹ ബോറയും ഐഷി ഘോഷും പവിത്രയും ആതിരയും ശരണ്യയും ഉൾപ്പെടെയുള്ള പെൺകുട്ടികൾ നയിക്കുന്ന ഈ സമരം പൂർണ ജനാധിപത്യത്തിന്റെ പ്രതീകമാണ്. സ്ത്രീവിരുദ്ധത തുടച്ചു മാറ്റാതെ ഒരു ജനാധിപത്യവും പൂർണ ജനാധിപത്യമാകുകയില്ല. ചരിത്രത്തിൽ വിജയിച്ച സമരങ്ങളെല്ലാം സ്ത്രീകൾ നയിച്ചവയും സജീവമായി പങ്കെടുത്തവയുമായിരുന്നു. പിന്നീടു ചരിത്രത്തിൽ നിന്ന് അവരുടെ പേരുകൾ മായ്ച്ചു കളയപ്പെടുകയാണ് ചെയ്യുന്നതെന്ന് കെ ആർ മീര ചൂണ്ടിക്കാട്ടി. നോട്ട് നിരോധനം, ബാബറി മസ്ജിദ് വിധി, എൻആർസി/പൗരത്വ ഭേദഗതി നിയമങ്ങൾ എന്നിവയിലൂടെ രാജ്യത്തുണ്ടായ ജനാധിപത്യ തകർച്ചയും ഭരണകൂട അതിക്രമങ്ങളും കെ ആർ മീര ചൂണ്ടിക്കാണിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം
രണ്ടാം സ്വാതന്ത്ര്യസമരം ആരംഭിക്കേണ്ടിയിരുന്നത് 2016 നവംബര് ഒമ്പതിനു രാവിലെയായിരുന്നു. നോട്ട് നിരോധനത്തിന്റെ പിറ്റേ പ്രഭാതത്തിൽ. ഈ രാജ്യത്തെ സാമ്പത്തിക ശാസ്ത്രജ്ഞർ, ന്യായാധിപൻമാർ, നിയമപാലകർ, അഭിഭാഷകർ, അധ്യാപകർ, വ്യാപാരികൾ, റിസർവ്വ് ബാങ്ക് ഗവർണർ ഒപ്പിട്ട ഒരു കടലാസ് കഷ്ണത്തിനു ലോകത്തെ ഒരു പരമാധികാര രാഷ്ട്രം കൽപ്പിക്കുന്നതും കൽപ്പിക്കേണ്ടതുമായ വില റദ്ദാക്കിയ ആ ദിവസമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പക്ഷിയുടെ ചിറകുകളുടെ തുമ്പുകൾ അരിഞ്ഞത് എന്നാണു വെറുമൊരു എഴുത്തുകാരിയായ എന്റെ വിശ്വാസം. തുമ്പുകളാണ് അരിഞ്ഞത്. ചിറകുകൾ അതേപടിയുണ്ടെന്നു ദൂരെക്കാഴ്ചയിൽ തോന്നി. പക്ഷേ, ചിറകിന്റെ ഒരു ചെറിയ ക്ഷതംമതി, പക്ഷിക്കു പറക്കാൻ കഴിയാതെയാക്കാൻ. എതിർശബ്ദങ്ങൾ നിലയ്ക്കുന്നത്, മാധ്യമങ്ങൾ ഗവൺമെന്റിന്റെ ആജ്ഞാനുവർത്തികളാകുന്നത്, കൂടുതൽ കൈത്തണ്ടകളിൽ ഓറഞ്ച് ചരടുകൾ നിറയുന്നത് നമ്മൾ കണ്ടു. അതിൽപ്പിന്നെ ഈ രാജ്യത്ത് ഒരു തിരഞ്ഞെടുപ്പും നിഷ്പക്ഷമായി നടന്നിട്ടില്ലെന്നാണ് എന്റെ വിശ്വാസം.
നോട്ട് നിരോധനം മുതൽ ഗൌരി ലങ്കേഷിന്റെ കൊലപാതകം വരെയുള്ള കാലത്തു ഞാൻ നിരീക്ഷിച്ച സംഭവവികാസങ്ങളാണ്, എന്റെ തലമുറയിൽപ്പെട്ട ഒരു സ്ത്രീയുടെ ജീവിതത്തെ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്ത സാമ്പത്തികനയങ്ങളുടെ തേരുരുൾയാത്രയിൽ അഹിംസയുടെ രാഷ്ട്രീയം ഹിംസയുടെ രാഷ്ട്രീയമായതെങ്ങനെ എന്നു ചിന്തിപ്പിച്ചതും ഘാതകൻ എന്ന നോവൽ പിറന്നതും. നോട്ട്നിരോധനത്തെക്കുറിച്ച് ആവശ്യത്തിലേറെ സംസാരിച്ചു എന്നതിൽ എന്നെ കുറ്റപ്പെടുത്തിയവർ ഏറെയുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ അവിടെത്തന്നെയായിരുന്നു എല്ലാത്തിന്റെയും തുടക്കം.





























