പത്തനംതിട്ട: എഴുത്തുകൂട്ടം സാംസ്കാരികവേദിയുടെ രണ്ടാമത് കണ്ണശ്ശസാഹിത്യ പുരസ്‌കാരം കവിയും ചലച്ചിത്രഗാനരചയിതാവുമായ പി.കെ. ഗോപിക്ക്. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള കവിതയ്ക്കും ചലച്ചിത്രഗാന മേഖലയ്ക്കും നൽകിയ സമഗ്രസംഭാവന വിലയിരുത്തിയാണ് പുരസ്‌കാരം. പത്തനംതിട്ട ജില്ലയിലെ കൊടുമൺ അങ്ങാടിക്കൽ സ്വദേശിയാണ്. ഇപ്പോൾ കോഴിക്കോട് സ്ഥിരതാമസം. 2025 ജനുവരി 18 ശനിയാഴ്ച രാവിലെ 10ന് പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന യോഗത്തിൽ കേരള ഫോക് ലോർ അക്കാദമി ചെയർമാനും ചലച്ചിത്രഗാനരചയിതാവുമായ ഒ.എസ്. ഉണ്ണികൃഷ്ണൻ പുരസ്‌കാരം സമ്മാനിക്കും. എം.ഒ.സി. കോളേജുകളുടെ മാനേജരും ഓർത്തഡോക്സ് സഭ അടൂർ ഭദ്രാസനാധിപനും എഴുത്തുകാരനും കവിയുമായ റവ. ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും.
എഴുത്തുകൂട്ടം സാംസ്കാരികവേദി പ്രസിഡന്റ് ജി. പ്രീത് ചന്ദനപ്പള്ളി അധ്യക്ഷത വഹിക്കുകയും ചെയ്യുമെന്ന് സെക്രട്ടറി ഡോ. നിബുലാൽ വെട്ടൂർ, ട്രഷറർ ഹരീഷ് റാം, വൈസ് പ്രസിഡന്റ് എസ്. ഷൈലജ കുമാരി എന്നിവർ അറിയിച്ചു. മലയാളത്തിലെ ശ്രദ്ധേയങ്ങളായ ഒട്ടേറെ സിനിമകൾക്കും ആൽബങ്ങൾക്കും പി.കെ. ഗോപി ഗാനരചന നിർവഹിച്ചിട്ടുണ്ട്. കവിതസമാഹാരങ്ങൾ ഉൾപ്പെടെ 20ൽ അധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി ബാല സാഹിത്യ പുരസ്കാരം, കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്‌കാരം, മഹാകവി പുത്തൻകാവ് മാത്തൻ തരകൻ സ്മാരക വിശ്വദീപം പുരസ്‌കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.