പത്തനംതിട്ട : ഓണവിപണിയിലേക്ക് ഗൃഹോപകരണങ്ങളുടെ സെക്കന്റ്സ് ഒഴുകുന്നു. പരസ്യം കണ്ട് വിലക്കുറവില്‍ വാങ്ങുന്ന ഗൃഹോപകരണങ്ങള്‍ ആറുമാസം തികയുന്നതിനു മുമ്പേ തകരാറില്‍ ആകുകയാണ്. ഏറ്റവും കൂടുതല്‍ തകരാര്‍ ടി.വികള്‍ക്കാണ്. വീട്ടില്‍ ഒരു വലിയ ടി.വി വേണമെന്ന് മിക്കവരും ആഗ്രഹിക്കും. ഇതിന് നാല്‍പ്പതിനായിരത്തിനു മുകളില്‍ വില വരും. ഗ്യാരണ്ടി കാലാവധിയില്‍ തന്നെ പലതും കണ്ണടക്കുകയും ചെയ്യും. വന്‍ വില നല്‍കി വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ കമ്പിനി സെക്കന്റ്സ് അല്ല എന്ന് ഉറപ്പിക്കേണ്ട ഉത്തരവാദിത്വം ഓരോ ഉപഭോക്താവിനുമുണ്ട്. സംശയ നിവര്‍ത്തിക്കായി ഉല്‍പ്പന്നം നിര്‍മ്മിച്ച കമ്പിനിയുടെ ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കാം. വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപകരണത്തിന്റെ മോഡല്‍ നമ്പരും സീരിയല്‍ നമ്പരും പറഞ്ഞുകൊടുത്ത്, ഗുണനിലവാര പരിശോധനയില്‍ കമ്പനി തള്ളിയ ഉല്‍പ്പന്നമല്ലെന്ന് ഉറപ്പുവരുത്തുക. ഗ്യാരണ്ടി, സര്‍വീസ്, സര്‍വീസ് ചാര്‍ജ്ജുകള്‍ എന്നിവയെപ്പറ്റി വ്യക്തത വരുത്തുക.
ഓണം, ക്രിസ്മസ് ഉത്സവകാലത്താണ് ഗൃഹോപകരണങ്ങളുടെ വില്‍പ്പന അധികവും നടക്കുന്നത്. ഈ സമയം പല ഉല്‍പ്പന്നങ്ങളും വില കുറച്ചാണ് വില്‍ക്കുന്നത്. സൌജന്യങ്ങള്‍ മാത്രം തേടിപ്പോകുന്ന മലയാളിയുടെ മനശാസ്ത്രം വ്യക്തമായി അറിയാവുന്ന ഹോം അപ്ലയന്‍സ് വില്‍പ്പന കമ്പിനികള്‍ ഈ അവസരം മുതലെടുത്തുകൊണ്ട് വമ്പന്‍ പരസ്യങ്ങള്‍ നല്‍കും. ഇതിലെ വില കണ്ട് ആകൃഷ്ടരായി ചെല്ലുന്നവരാണ് പിന്നീട് കണ്‍സ്യൂമര്‍ കോടതികളില്‍ കയറിയിറങ്ങുന്നത്. എയര്‍ കണ്ടീഷണര്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മൈക്രോ വേവ് ഓവന്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങി ഒട്ടുമിക്ക ഉപകരണങ്ങളുടെ കാര്യത്തിലും ഇതാണ് അവസ്ഥ. ചെറിയ ഷോപ്പുകള്‍ക്ക് കമ്പിനി സെക്കന്റ്സ് എടുക്കുവാന്‍ കഴിയില്ല. ഇവര്‍ക്ക് വിറ്റഴിക്കാന്‍ കഴിയില്ല എന്നതുതന്നെ കാരണം. കൂടുതല്‍ ഷോറൂമുകള്‍ ഉള്ളവര്‍ക്ക് ഇവ വിറ്റഴിക്കുവാന്‍ വളരെ എളുപ്പമാണ്. >>> തുടരും.