തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ നശിച്ചത് പതിനായിരത്തിലേറെ പേജുകളെന്ന് പോലീസ്. ഭൂരിഭാഗവും സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെയും ഗസ്റ്റ് ഹൗസ് ബുക്കിങ്ങുകളുടെയും പകര്‍പ്പെന്നും കണ്ടെത്തല്‍. തീപിടിത്തതിന്റെ കാരണം കണ്ടെത്താനുള്ള ഫൊറന്‍സിക് റിപ്പോര്‍ട്ട് വേഗം നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം ലാബിന് കത്ത് നല്‍കി.
സെക്രട്ടേറിയറ്റിലെ തീപിടിത്തതില്‍ കാര്യമായ ഫയലുകളൊന്നും നശിച്ചിട്ടില്ലെന്ന നിഗമനത്തിലേക്കാണ് പോലീസിന്റെയും അന്വേഷണം എത്തുന്നത്. തീപിടിച്ചെങ്കിലും 90 ശതമാനം കടലാസുകളും ഭാഗികമായി മാത്രമാണ് നശിച്ചത്. തീ അണയ്ക്കാന്‍ വെള്ളം ഒഴിച്ചതോടെയും കുറച്ച് കടലാസുകള്‍ക്ക് കേടുപാട് സംഭവിച്ചു.
ദുരന്തനിവാരണ അതോറിറ്റി കമ്മിഷണര്‍ എ. കൗശിഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയും എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലെ പോലീസ് സംഘവും സംയുക്തമായി ഈ കടലാസുകള്‍ സ്കാന്‍ ചെയ്ത് വീണ്ടെടുത്ത് പരിശോധിച്ചു. അതില്‍ നിന്നാണ് പതിനായിരത്തി ഒരുന്നൂറിലേറെ കടലാസുകളാണ് ഭാഗികമായി നശിച്ചതെന്ന് കണ്ടെത്തിയത്. ഇവയില്‍ അധികവും 2018 മുതലുള്ള സര്‍ക്കാര്‍ വിജ്ഞാപനങ്ങളുടെ പകര്‍പ്പും ഗസ്റ്റ് ഹൗസ് ബുക്കിങ്ങുകളുടെയും വിഐപി യാത്രകളുടെയും രേഖകളെന്നുമാണ് കണ്ടെത്തിയത്. ഇവയെല്ലാം ഇ ഫയലാക്കിയിട്ടുണ്ടോയെന്ന പരിശോധന നടന്ന് വരികയാണ്.