കൽപ്പറ്റ: രഹസ്യ അറ കണ്ടെത്തിയതിനെ തുടര്‍ന്ന് പച്ചക്കറി ലോഡുമായി മുത്തങ്ങ ചെക്‌പോസ്റ്റിലെത്തിയ വാഹനം അധികൃതര്‍ കസ്റ്റഡിയിലെടുത്തു. കര്‍ണാടക അതിര്‍ത്തി നഗരമായ ഗുണ്ടല്‍പേട്ടയില്‍ നിന്ന് തക്കാളി അടക്കമുള്ള പച്ചക്കറിയുമായി രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് ചൊവ്വാഴ്ച വൈകിട്ട് പരിശോധനയില്‍ കുടുങ്ങിയത്.
ചരക്കുകയറ്റുന്ന ഭാഗത്തെ പ്ലാറ്റ് ഫോമിനടിയിലാണ് രഹസ്യഅറ നിര്‍മിച്ചിട്ടുള്ളത്. കസ്റ്റഡിയിലെടുത്ത വാഹനവും ഡ്രൈവര്‍ കോഴിക്കോട് കല്ലായി സ്വദേശി പായേക്കല്‍ ഹാരീസിനെയും (46) തുടര്‍ നടപടികള്‍ക്കായി മോട്ടോര്‍ വാഹനവകുപ്പിന് കൈമാറി. പച്ചക്കറി പോലെയുള്ള നിത്യോപയോഗ സാധനങ്ങളുടെ ലോഡുമായി എത്തുന്ന വാഹനങ്ങള്‍ അധികൃതര്‍ പൊതുവില്‍ കര്‍ശന പരിശോധന നടത്താറില്ല. രഹസ്യവിവരങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ഇത്തരം വാഹനങ്ങള്‍ കണ്ടെത്താന്‍ കഴിയുക.
ദിവസവും അതിര്‍ത്തി കടന്നുപോകുന്ന വാഹനമെന്ന നിലയില്‍ ലോഡ് മാത്രം പരിശോധിച്ച് കടത്തിവിടുകയായിരുന്നു പതിവ്. എന്നാല്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലേക്ക് ലോഡുമായി എത്തുന്ന വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. വാഹനങ്ങളില്‍ രഹസ്യഅറ നിര്‍മിച്ച് കുഴല്‍പ്പണവും ലഹരിവസ്തുക്കളും കടത്തിക്കൊണ്ടുപോകുന്നത് നിരവധി തവണ മുത്തങ്ങ എക്‌സൈസ് ചെക്പോസ്റ്റില്‍ പിടികൂടിയിട്ടുണ്ട്.