പീരുമേട്: പീരുമേട് ഗ്രാമ പഞ്ചായത്തിലെ ഏക ഗോത്രവർഗ്ഗ കോളനിയായ പ്ലാക്കത്തടം സമ്പൂർണ്ണ വനമേഖലയാക്കാൻ ഗൂഢ നീക്കം. നിശബ്ദ വിപ്ലവത്തിലൂടെ പ്രദേശവാസികൾ താനേ ഒഴിഞ്ഞു പോകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് അണിയറയിൽ നടക്കുന്നത്. ഒരു കാലത്ത് നാട്ടുമ്പുറം പോലെ കൃഷിയെ മാത്രം ആശ്രയിച്ചു കഴിഞ്ഞ ജനത ഇപ്പോൾ വന്യമൃഗശല്യത്തിൽ പൊറുതിമുട്ടുകയാണ്. കോളനി രൂപീകരണ കാലത്ത് 150 ലധികം കുടുംബങ്ങൾ വസിച്ചിരുന്ന ഇവിടെ ഒരു ദശാബ്ദത്തിനിടെ സ്ഥിരതാമസക്കാരുടെ എണ്ണം 65 ആയി കുറഞ്ഞു. വന്യമൃഗ ആക്രമണം മൂലം കൃഷി, ദേഹണ്ഡങ്ങൾ മുഴുവൻ നശിച്ചു. കാട്ടുമൃഗ ശല്യത്തിന്റെ വ്യാപക പ്രചരണം മൂലം സ്ഥലം കൈമാറ്റം ചെയ്യുവാനും കഴിയുന്നില്ല. പുതുതലമുറ ഇവിടം വിട്ട് പട്ടണങ്ങളിലേക്ക് താമസം മാറുകയാണ്. മതമ്പ ചെന്നാപ്പാറയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചതിന്റെ മറവിൽ വനം വകുപ്പ് ഇടപ്പെട്ട് അവിടെ അവശേഷിച്ച കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇവിടെ സമ്പൂർണ്ണ വനവൽക്കരണമാണ് ലക്ഷ്യമിടുന്നത്. ഇതേ തന്ത്രമാണ് പ്ലാക്കത്തടത്തിലും ലക്ഷ്യമിടുന്നത്.
2040-ഓടെ നൂറ് ശതമാനം പുനരുപയോഗ ഊർജ്ജത്തെ ആശ്രയിക്കുന്ന സംസ്ഥാനമായും 2050-ഓടെ പൂർണ്ണമായും കാർബൺ ന്യൂട്രൽ സംസ്ഥാനമായും മാറാനാണ് കേരളം ലക്ഷ്യമിടുന്നത്. കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷൻ ആണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രത്യക്ഷത്തിൽ നിരുപദ്രവകരമായി തോന്നുന്ന പദ്ധതിയാണിത്. എന്നാൽ ഇതിന്റെ പിന്നിൽ വലിയ അജണ്ടയുണ്ട്. ഇതിനായി വിവിധ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. കൃഷി വകുപ്പിന് കീഴിൽ കാർബൺ ന്യൂട്രൽ ഫാമിംഗ്, വനം വകുപ്പിന്റെ പച്ചത്തുരുത്ത് പദ്ധതിയിലൂടെ മരങ്ങൾ നട്ട് സ്വാഭാവിക വനമേഖലകൾ സൃഷ്ടിച്ച് കാർബൺ ആഗിരണം വർദ്ധിപ്പിക്കാനുള്ള പദ്ധതി, കണ്ടൽക്കാടുകളുടെ പുനരുദ്ധാരണവും സാമൂഹ്യ വനവൽക്കരണവും, കൂടാതെ പെരിയാർ ടൈഗർ റിസർവിൽനിന്ന് കാർബൺ ക്രെഡിറ്റ് സ്വന്തമാക്കാനുള്ള പദ്ധതിയുമായി പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനും പരിസ്ഥിതി സ്നേഹവുമായി സജീവമാണ്.
കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി, ഡൽഹി ആസ്‌ഥാനമായുള്ള ദി എനർജി ആൻഡ് റിസോഴ്‌സ് ഇൻസ്‌റ്റിറ്റ്യൂട്ട്, പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ എന്നീ ഏജൻസികൾ ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. വനത്തിൽനിന്ന് എത്ര കാർബൺ ക്രെഡിറ്റ് സ്വന്തമാക്കാനാകുമെന്ന് കണക്കാക്കാൻ ബയോ മാസ് സർവേയും നടത്തിയിരുന്നു. 925 സ്‌ക്വയർ കിലോമീറ്ററാണ് പെരിയാർ ടൈഗർ റിസർവിന്റെ വിസ്‌തൃതി. പെരിയാർ വനമേഖല ഒരുവർഷം 1.90 ലക്ഷം ടൺ കാർബൺ ഡയോക്‌സൈഡ് സംഭരിച്ച് അന്തരീക്ഷ മലിനീകരണവും താപനവും കുറയ്‌ക്കുന്നുവെന്നാണ് പ്രാഥമികപഠനം. ഒരുടൺ കാർബൺ ഡയോക്സൈഡ് ഇല്ലാതാക്കുമ്പോൾ നാല്-അഞ്ച് യു.എസ്. ഡോളർ ലഭ്യമാകുമെന്നാണ് നിഗമനം. ഇങ്ങനെ കിട്ടുന്ന പണം വനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുടെ ക്ഷേമപ്രവർത്തനങ്ങൾ, വനസംരക്ഷണം, മനുഷ്യ-മൃഗ സംഘർഷം ലഘൂകരിക്കൽ എന്നിവയ്ക്ക് വിനിയോഗിക്കും എന്നാണ് പ്രചരണം.
ഐക്യരാഷ്ട്ര സഭയുടെ മാനദണ്ഡം അനുസരിച്ച് അന്തരീക്ഷത്തിൽനിന്ന് നീക്കം ചെയ്യുന്നതോ വേർതിരിച്ച് ഇല്ലാതാക്കുന്നതോ ആയ ഒരുടൺ കാർബൺ ഡൈ ഓക്സൈഡിന് തുല്യമാണ് ഒരു കാർബൺ ക്രെഡിറ്റ്. മരങ്ങൾ വെച്ചുപിടിപ്പിച്ച് പ്ലാക്കത്തടത്തിനെ പെരിയാർ ടൈഗർ റിസർവുമായി കൂട്ടി ചേർത്ത് ഭാവിയിൽ കൂടുതൽ ക്രെഡിറ്റ് നേടാനാണ് വനം വകുപ്പിന്റെ സഹായത്തോടെ നീക്കം നടക്കുന്നത്.































