തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പൊതുഭരണവിഭാഗത്തിലെ പ്രോട്ടോക്കോള്‍ സെക്ഷനിലെ മുഴുവന്‍ ഫയലുകളും പരിശോധിക്കും. എങ്കില്‍ മാത്രമേ ഏതെല്ലാം ഫയലുകളാണ് നഷ്ടപ്പെട്ടതെന്ന് കൃത്യമായി കണ്ടെത്താന്‍ സാധിക്കൂവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇതോടൊപ്പം ഭാഗികമായി നശിച്ച ഫയലുകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കും.
ഭാവിയില്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിച്ച ഫയലുകള്‍ കൈമാറാന്‍ സാധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അന്വേഷണ സംഘത്തിന്റെ ഫയല്‍ പരിശോധന വീഡിയോയില്‍ പകര്‍ത്തും. ഇതിനായി എട്ട് ക്യാമറകള്‍ സ്ഥാപിച്ചു. ഇതോടൊപ്പം പൊതുഭരണവകുപ്പിലെ മുഴുവന്‍ ജീവനക്കാരുടേയും മൊഴിയും രേഖപ്പെടുത്തും.
സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ തേടാന്‍ പോലീസ് തീരുമാനമെടുത്തിട്ടുണ്ട്. അഞ്ച് ദിവസത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കത്ത് നല്‍കി. തീപിടിച്ച ഭാഗത്ത് സി.സി.ടി.വി ഇല്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം മറുപടി നല്‍കും. അതേസമയം, സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന നിഗമനത്തിലാണ് അഗ്‌നിശമനസേന.
ഫാനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. രണ്ടു വര്‍ഷം മുമ്പ് മോക്ഡ്രില്‍ നടന്ന മെയിന്‍ബ്ലോക്കില്‍ സുരക്ഷമാനദണ്ഡങ്ങളിലുള്ള നിര്‍ദേശങ്ങള്‍ നടപ്പായില്ലെന്ന വിമര്‍ശനവും അഗ്നിശമനസേനയ്ക്കുണ്ട്. ചൊവാഴ്ചയുണ്ടായ തീപിടിത്തത്തില്‍ അട്ടിമറി സാദ്ധ്യത ഉള്‍പ്പെടെയാണ് ദുരന്തനിവാരണ കമ്മീഷണര്‍ എ.കൗശികന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നത്. ഈ സംഘത്തില്‍ ഫയര്‍ഫോഴ്സ് ടെക്‌നിക്കല്‍ ഡയറക്ടര്‍ നൗഷാദ് ഉണ്ടെങ്കിലും മറ്റൊരു അന്വേഷണ റിപ്പോര്‍ട്ട് നേരിട്ടാണ് അഗ്നിശമനസേന മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുക.
ചുമരിലെ ഫാനില്‍ നിന്നാണ് തീപടിച്ചത് എന്ന പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ട് ശരിവെയ്ക്കുന്നതാണ് ഫയര്‍ഫോഴ്സിന്റെ നിഗമനവും. എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് സെക്രട്ടറിയേറ്റ് പരിസരത്ത് മോക്ഡ്രില്‍ നടത്തിയ ശേഷം നല്‍കിയ ചില നിര്‍ദേശങ്ങള്‍ ഇനിയും നടപ്പായിട്ടില്ലെന്നും അഗ്നിശമനസേന തയാറാക്കുന്ന റിപ്പോര്‍ട്ടിലുണ്ട്.